ബൈക്ക് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു; പൂക്കാട് തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന റഹീം തട്ടുകടയ്ക്ക് സമീപം എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇദ്ദേഹം റോഡില്‍ വീണു.
ഉടന്‍ തന്നെ നാട്ടുകാര്‍ റഹീമിനെ തിരുവങ്ങൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. നില ഗുരുതരമായതിനാല്‍ 108 ആംബുലന്‍സില്‍ ഡോക്ടര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം റഹീമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിച്ചപ്പൊഴാണ് ഹൃദയാഘാതമാണ് എന്ന് തിരിച്ചറിഞ്ഞത്.
അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സില്‍ വച്ച് സി.പി.ആര്‍ ഉള്‍പ്പെടെ നല്‍കിയെങ്കിലും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് അന്ത്യം സംഭവിക്കുകയായിരുന്നു. നേരത്തേ ഹൃദയപ്രശ്നങ്ങൾ ഉണ്ടായിരുന്ന റഹീമിന് മുമ്പ് ആൻജിയോഗ്രാം ചികിത്സ ചെയ്തിരുന്നു.
നാദിറയാണ് റഹീമിന്റെ ഭാര്യ. മക്കള്‍ മിറാദ് (ആരാധന ബേക്കറി, വെങ്ങളം), റിനാദ് (കുവൈത്ത്).
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.