‘ഉപഗ്രഹ സർവ്വേ അന്തിമ രേഖ അല്ല’; ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോണിന്റെ കാര്യത്തിൽ കേരളത്തിന് ഏകാഭിപ്രായമാണ്. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജനജീവിതം തുടർന്നു പോകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയുള്ള കാര്യങ്ങൾ കോടതി മുമ്പാകെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ബഫർസോൺ ഉപഗ്രഹ സർവ്വേ സമഗ്ര രേഖയോ അന്തിമ രേഖയോ അല്ല. ഉപഗ്രഹ സർവ്വേ റിപ്പോർട്ടിന് പിന്നിൽ സദുദ്ദേശം മാത്രമായിരുന്നു. പൂർത്തിയായപ്പോൾ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടില്ല എന്ന് സർക്കാറിന് ബോധ്യമായി. നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കാനാണ് വിദഗ്ധ സമിതിയെ വച്ചത്. വിദഗ്ദ സമിതി പരിശോധന നടത്തിക്കൊണ്ടിരിരിക്കുകയാണ്. ജനങ്ങൾക്ക് പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നു. കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കും.’
‘ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ നടക്കുന്നു. മറ്റൊരു ചിത്രം ഉയർത്തിക്കൊണ്ടു വരാൻ നീക്കം നടക്കുന്നു. അത്തരം നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ഉദ്ദേശങ്ങളുണ്ടാകാം. അതിനനുസരിച്ചല്ല സർക്കാർ നീങ്ങുന്നത്. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. നാടിന്റെ താൽപ്പര്യം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്’, എന്നും മുഖ്യമന്ത്രി പറഞ്ഞു.
Summary: ‘there is no need to worry about buffer zone’- Chief minister Pinarayi vijayan