അലമാര കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു; കടലുണ്ടിയില്‍ അടച്ചിട്ട മൂന്ന് വീടടക്കം അഞ്ച് വീടുകളില്‍ മോഷണം


കടലുണ്ടി: കടലുണ്ടിയില്‍ അടച്ചിട്ട മൂന്ന് വീടുകള്‍ ഉള്‍പ്പെടെ അഞ്ച് വീടുകളില്‍ കള്ളന്‍ കയറി. മണ്ണൂര്‍ വടക്കുമ്പാട്ട് കമാലിയ സ്‌ക്കൂള്‍ പരിസരത്തെ അഞ്ച് വീടുകളിലാണ് മോഷണം നടന്നത്. അങ്ങാടി വീട്ടില്‍ ഷൈജേഷ്, വേട്ടുവളപ്പില്‍ ഷബീബ്, തോട്ടത്തില്‍ ശിഹാബുദ്ദീന്‍, ചക്കിട്ടക്കണ്ടി അബ്ദുള്‍ റസാഖ്, സഹോദരന്‍ അബ്ദുള്‍ അസീസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.

രണ്ട് വീടുകളില്‍ നിന്നും 3 പവനും 5000 രൂപയും നഷ്ടമായിട്ടുണ്ട്. വേട്ടുവളപ്പില്‍ ഷബീബിന്റെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണം നഷ്ടമായത്. കുട്ടികളുടെ ബ്രേസ്ലെറ്റ്, മോതിരം, പാദസരം എന്നിവയാണ് നഷ്ടമായത്. വീടിന്റെ മുകള്‍ ഭാഗത്തു കൂടി വീട്ടിലേക്ക് കയറിയ കള്ളന്‍ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചത്.

അങ്ങാടി വീട്ടില്‍ ഷൈജേഷിന്റെ വീട്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. മറ്റു വീടുകളിലെ അലമാരകള്‍ തുറന്ന് വസ്തുക്കളും വസ്ത്രങ്ങളും വലിച്ചിട്ടെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. അഞ്ച് വീടുകളിലെയും വാതിലുകളെല്ലാം കള്ളന്‍ തകര്‍ത്തിട്ടുണ്ട്. അബ്ദുള്‍ അസീസ്, റസാഖ്, ഷൈജേഷ് എന്നിവരുടെ വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് കള്ളന്മാര്‍ എത്തിയത്. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് അസീസ് മോഷണ വിവരം അറിഞ്ഞത്. ഫറോക്ക് എസ്.ഐ പി.ടി സൈഫുല്ലയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.