മഴക്കാലത്ത് വീട്ടിലിരിക്കണ്ട! ഈ മഴയത്ത് കുറഞ്ഞ ചിലവില്‍ കൊയിലാണ്ടിയില്‍ നിന്നും പോയി വരാന്‍ പറ്റിയ 5 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍


വേനലിന്റെ കടുത്ത ചൂട് മാറി ചെറു ചാറ്റല്‍ മഴയുമായി കേരളത്തില്‍ മഴക്കാലം ആരംഭിക്കുകയായി. മഴയെന്നാല്‍ അന്നും ഇന്നും മലയാളികള്‍ക്ക് ആഘോഷമാണ്. അതുകൊണ്ടു തന്നെയും മണ്‍സൂണ്‍ കാലത്ത് ടൂര്‍ പോകുന്നവര്‍ നിരവധിയാണ്. വേനലിന്റെ ചൂടില്‍ നിന്നും മാറി മഴക്കാലം ആസ്വദിക്കാനായി കൊയിലാണ്ടിയില്‍ നിന്നും ഒരു ദിവസം പോയി വരാന്‍ പറ്റുന്ന മനോഹരങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കൂടുതല്‍ വിശേഷങ്ങളിതാ.

കോഴിപ്പാറ വെള്ളച്ചാട്ടം

കാടിനും തോട്ടങ്ങള്‍ക്കും നടുവില്‍ കണ്ണാടി പോലെ തിളങ്ങുന്ന വെള്ളച്ചാട്ടം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് കോഴിപ്പാറ വെളളച്ചാട്ടം. മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കേ അതിര്‍ത്തിയില്‍ സൈലന്റ്‌വാലി ദേശീയോദ്യാനത്തിനടുത്ത്, കക്കാടം പൊയില്‍ എന്ന സ്ഥലത്താണ് അതിമനോഹരമായ ഈ വെള്ളച്ചാട്ടം. വളരെ ഉയരത്തില്‍ നിന്നും വരുന്ന വെള്ളച്ചാട്ടമായതുകൊണ്ടുതന്നെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ഒരോ ദിവസവും എത്തുന്നത്.

കോഴിക്കോട് വഴി പോകുന്നവര്‍ക്ക് മുക്കം കാരമ്മൂല, കൂടരഞ്ഞി വഴി കോഴിപ്പാറയിലേക്കെത്താം. ബസിന്റെ സൈഡ് സീറ്റിലിരുന്ന് പ്രകൃതിയിലലിഞ്ഞ് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ട്. ബസ് ഇറങ്ങി ഏതാണ്ട് മൂന്ന് കിലോമീറ്ററോളം നടന്നു വേണം വെള്ളച്ചാട്ടത്തിലേക്കെത്താന്‍. വനം വകുപ്പിന്റെ ഓഫീസില്‍ നിന്നും പ്രവേശന പാസ് വാങ്ങിയതിനുശേഷം നേരെ വെള്ളച്ചാട്ടത്തിലേക്ക്. കുടുംബത്തോടൊപ്പം മണ്‍സൂണ്‍ കാലം ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം.

വയലട

മലബാറിന്റെ ഗവി! പേരു പോലെ തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് വയലട. സമുന്ദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം ഉയരത്തിലുള്ള വയലട നിലവില്‍ വിനോദ സഞ്ചാര കേന്ദ്രം എന്നതിനപ്പുറം വിവാഹ വീഡിയോ ഷൂട്ടുകള്‍ക്കും പ്രശസ്തമാണ്. ബാലുശ്ശേരിയില്‍ നിന്നും ഏതാണ്ട് 12 കിലോമീറ്ററും താമരശ്ശേരിയില്‍ നിന്നും 20 കിലോ മീറ്ററും അകലെയായിട്ടാണ് വയലട. കൂരാച്ചുണ്ട് പട്ടണത്തിന്റെ മുഴുവന്‍ കാഴ്ചയും വയലടയുടെ വ്യൂ പോയിന്റില്‍ നിന്നും കാണാന്‍ സാധിക്കും.

കരിയാത്തുംപാറ

കുടുംബത്തോടൊപ്പം യാത്ര പോകാനും വിശ്രമിക്കാനും കോഴിക്കോട്ടുകാര്‍ മിക്കപ്പോഴും തിരഞ്ഞെടുക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കരിയാത്തുംപാറ. സോഷ്യല്‍മീഡിയയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയത്. കക്കയം ഡാമിലേക്ക് പോവുന്ന വഴിക്കാണ് ഈ മനോഹരമായ പ്രദേശം. കക്കയം ഡാമിലേക്ക് പോവുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ രണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോകാം എന്നതാണ് കരിയാത്തുംപാറയിലേക്ക് സഞ്ചാരികള്‍ വരുന്നതിന്റെ പ്രധാന കാരണം. പ്രകൃതി മനോഹരമായ ദൃശ്യങ്ങള്‍ കണ്ട് നീരുറവയില്‍ കുളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കരിയാത്തുംപാറ മികച്ച സ്ഥലമാണ്. കോഴിക്കോട് ടൗണില്‍ നിന്നും വരുന്നവര്‍ക്ക് കക്കോടി, ചേളന്നൂര്‍ വഴി നന്മണ്ടയിലെത്തി അവിടെ നിന്നും ബാലുശ്ശേരി എസ്‌റ്റേറ്റ് മുക്ക് വഴി ഇവിടേക്ക് എത്തിച്ചേരാം.

കാപ്പാട്

കൊയിലാണ്ടിയില്‍ നിന്നും ഫാമിലിക്കൊപ്പം പോവാന്‍ പറ്റിയ മറ്റൊരു മികച്ച വിനോദ സഞ്ചാര കേന്ദ്രമാണ് കാപ്പാട്. പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡി ഗാമ ആദ്യമായി കാലു കുത്തിയ കാപ്പാട് കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. വിദേശികളും സ്വദേശികളുമടക്കം നിരവധി പേരാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. അതിമനോഹരമായ പാറക്കെട്ടുകളും കടല്‍ത്തീരവും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നും നോക്കണ്ട, കാപ്പാടേക്ക് വണ്ടി തിരിച്ചോളൂ.

കൊല്ലം പാറപ്പള്ളി

വിനോദ സഞ്ചാരത്തിനൊപ്പം അല്‍പ്പം ചരിത്രം കൂടിയായലോ, അങ്ങനെയെങ്കില്‍ അതിനു പറ്റിയ സ്ഥലമാണ് കൊയിലാണ്ടിക്കടുത്ത് കൊല്ലത്തെ പാറപ്പള്ളി. തമീമുല്‍ അന്‍സാരി എന്ന സഹാബി വര്യന്റെ കബറിടമാണ് ഇവിടുത്തെ പ്രധാന സവിശേഷത.