‘കഴുത്തിൽ ബെൽറ്റ് മുറുക്കി കടലിൽ മുക്കി കൊലപാതകം’; കൊയിലാണ്ടിയിൽ ആസ്സാം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ റിമാൻഡിൽ
കൊയിലാണ്ടി: കൊയിലാണ്ടി മായൻ കടപ്പുറത്ത് അസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. ആസ്സാം സ്വദേശികളായ ലക്ഷി (28), മനോരഞ്ജന്‍ (26) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. ആസ്സാം സ്വദേശി ഡുലു രാജ് ബംഗോഷിയയാണ് സുഹൃത്തുക്കൾ മദ്യലഹരിയിൽ കൊന്നത്.
കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന പാറക്കെട്ടിലായിരുന്നു അസം സ്വദേശികള്‍ ഇരുന്നിരുന്നത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ബഹളമുണ്ടായതിനെ തുട൪ന്ന് നാട്ടുകാർ എത്തിയപ്പോൾ ഒരാൾ കമിഴ്ന്ന് കിടക്കുന്നതാണ് കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഉടൻ തന്നെഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും യുവാവ് മരണപ്പെട്ടിരുന്നു. കഴുത്തിൽ ബെൽറ്റ് മുറുക്കി ദുലുവിനെ കടലിൽ മുക്കിക്കൊല്ലുകയായിരുന്നു.
പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതികളെ പെട്ടന്ന് തന്നെ പിടികൂടാനായി. പോലീസെത്തിയപ്പോൾ പ്രതികളിലൊരാൾ കടലിൽ ചാടി. നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പിടികുടുകയായിരുന്നു. രണ്ടാമത്തെ ആൾ രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ എത്തിയെങ്കിലും പോലീസിൻ്റെ മിന്നൽ തെരച്ചിലിൽ പിടിയിലായി.
അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധന നടത്താനായി മൃതദേഹത്തു നിന്നും നഖത്തിന്റെയും മുടിയുടെയും സാബിളുകൾ ശേഖരിച്ചതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
വടകര ഡി.വൈ.എസ്.പി.ഹരിപ്രസാദിന്റെ നേതൃത്വത്തിൽ പയ്യോളി സി.ഐ കെ.സി. സുഭാഷ്, കൊയിലാണ്ടി എസ്.ഐ എം.എൻ.അനൂപ്, എ.എസ്.ഐ.അരവിന്ദൻ, ജയകുമാരി, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.