വയസ് 41, രണ്ട് കുട്ടികളുടെ അമ്മ; സൗന്ദര്യത്തിന്റെ റാണിയായി മിസിസ് ക്വീന്‍ ഓഫ് ഇന്ത്യ കിരീടം സ്വന്തമാക്കി താമരശ്ശേരി സ്വദേശിനി തങ്കി
താമരശ്ശേരി: സൗന്ദര്യ മത്സരത്തില്‍ കിരീടം നേടി താമരശ്ശേരി സ്വദേശിനി. താമരശ്ശേരി ചമല്‍ സ്വദേശിനി തങ്കി സെബാസ്റ്റ്യനാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ദി മിസ് അന്റ് മിസിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ മിസിസ് ക്വീന്‍ ഓഫ് ഇന്ത്യ എന്ന നേട്ടമാണ് തങ്കി കൈവരിച്ചത്.
40 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായി നടത്തിയ ക്ലാസിക് വിഭാഗത്തിലാണ് തങ്കി മാറ്റുരച്ചത്. സൗന്ദര്യത്തിന് പുറമെ മത്സരാര്‍ത്ഥിയുടെ വ്യക്തിത്വം, ആത്മവിശ്വാസം എന്നിവയ്ക്കും മത്സരത്തില്‍ തുല്യ പ്രാധാന്യമുണ്ടായിരുന്നു.
അമേരിക്കന്‍ ഐ.ടി കമ്പനിയുടെ ഡയറക്ടറായ തങ്കി സെബാസ്റ്റ്യന്‍ കുടുംബസമേതം ബെംഗളൂരുവിലാണ് താമസം. ചമല്‍ മുരിയംവേലില്‍ എം.ടി.സെബാസ്റ്റ്യന്റെയും വത്സമ്മയുടെയും മകളാണ് തങ്കി. ഭര്‍ത്താവ് ജിജു ജെയിംസ്. 13 ഉം 10 ഉം വയസുള്ള എലീനയും എഡ്വിനും മക്കളാണ്.
ഒരിക്കല്‍ സുഹൃത്ത് അയച്ച സന്ദേശത്തെ തുടര്‍ന്നാണ് വി.ആര്‍.പി പ്രൊഡക്ഷന്‍സിന്റെ മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ കോസ്‌മോസ് മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച് തങ്കി മിസിസ് കര്‍ണാടക ആയത്. തുടര്‍ന്ന് വിജയികള്‍ക്കായി ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന മത്സരത്തില്‍ സെക്കന്റ് റണ്ണറപ്പും കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ഇന്‍ഫ്രയിം മീഡിയ ലാബിന്റെ മിസിസ് മലയാളി മത്സരത്തില്‍ ബെസ്റ്റ് ടാലന്റ് ടൈറ്റിലും വിജയിച്ചിരുന്നു. ഈ ആത്മവിശ്വാസത്തോടെയാണ് തങ്കി ഡല്‍ഹിയില്‍ നടന്ന മിസിസ് ഇന്ത്യ മത്സരത്തിനെത്തിയത്.