സയ്യിദ് മുഷ്താഖ് അലി ട്രോഫി; സഞ്ജു കേരളത്തെ നയിക്കും, രോഹൻ കുന്നുമ്മൽ ടീമിൽ, ഒക്ടോബർ 11 ന് ആദ്യ മത്സരം


കൊയിലാണ്ടി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കൊയിലാണ്ടിയുടെ സ്വന്തം രോഹൻ കുന്നുമ്മേലും. ഈ മാസം 11 നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റ് തുടങ്ങുന്നത്. കേരള ടീമിന്റെ നായകനായി സഞ്ജു സാംസണ്‍ പട നയിക്കും. സച്ചിന്‍ ബേബി ഉപനായകനാകും.

പതിനേഴ് അംഗ ടീമിൽ വിഷ്ണു വിനോദ്, ബേസിൽ തമ്പി എന്നിവരാണ് ടീമിലുള്ള മറ്റു പ്രധാനപ്പെട്ട താരങ്ങൾ. പത്തൊൻപതുകാരനായ ഷോണ്‍ റോജറും ടീമിൽ ഇടം നേടി. അബ്ദുള്‍ ബാസിത്, മുഹ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, കൃഷ്ണപ്രസാദ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, മനു കൃഷ്ണന്‍, എന്‍ പി ബേസില്‍, എഫ് ഫനൂസ്, കെ എം ആസിഫ്, സച്ചിന്‍.എസ് എന്നിവരാണ് ടീമിലുള്ളത്.

മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നനാണ് കേരളത്തിന്‍റെ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച ജലജ് സക്സേന ഇത്തവണ ടീമിലില്ല. ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ റൺ മഴ പെയ്യിച്ച് കളിപ്രേമികളിൽ ആവേശം കൊള്ളിച്ചിരുന്നു രോഹൻ. ടെസ്റ്റിൽ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹൻ ദുലീപ് ട്രോഫിയിൽ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ കേരള താരമായി ചരിത്രവും കുറിച്ചിരുന്നു.

സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാല്‍ 11ന് അരുണാചല്‍പ്രദേശിനെതിരായ കേരളത്തിന്‍റെ ആദ്യ മത്സരത്തില്‍ കളിക്കാനാവില്ല. 11നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം. സഞ്ജുവിന്‍റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാകും ആദ്യ മത്സരത്തില്‍ കേരളത്തെ നയിക്കുക.