സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


മലപ്പുറം: സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിൻ ആണ് മരിച്ചത്.

സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

താനൂർ നന്നമ്പ്ര എസ്.എൻ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷഫ്ന. സ്‌കൂൾ ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളെ ഇറക്കാൻ സഹായികളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

വീഡിയോ കാണാം:
(Warning: Disturbing Visuals)