‘എനിക്ക് 82 വയസായി, ഇനി എത്രനാള്‍ ജീവിക്കും എന്ന് അറിയില്ല, മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാകും’; മകന്‍ അനില്‍ ആന്റണിയെ തള്ളി വികാരാധീനനായി എ.കെ.ആന്റണി


തിരുവനന്തപുരം: അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ബി.ജെ.പിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും അനിലിന്റെ തീരുമാനം തികച്ചും തെറ്റായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി. മകന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് തന്റെ നിലപാട് വിശദീകരിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെയാണ് മടങ്ങിയത്. വികാരാധീനനായായിരുന്നു ആന്റണി സംസാരിച്ചത്.

‘എനിക്ക് 82 വയസായി. ജീവിതത്തിന്റെ അവസാന നാളുകളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. എത്രനാള്‍ ഞാനിനി ജീവിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസായിരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിട്ടായിരിക്കും. ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യോത്തരങ്ങള്‍ക്കും ഒരിക്കല്‍ പോലും ഞാന്‍ തയ്യാറാകില്ല. ഇത് സംബന്ധിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ് ഇത്.’ -എ.കെ.ആന്റണി പറഞ്ഞു.

ഇന്ത്യാ രാജ്യത്തിന്റെ ഐക്യവും അതിന്റെ ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി രാജ്യം പ്രാണവായുപോലെ കാത്തുസൂക്ഷിച്ച നമ്മുടെ അടിസ്ഥാന നയങ്ങളെ ദുര്‍ബലപ്പെടുത്താനള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് നടത്തുന്നത്. 2019 ന് ശേഷം നാനാതത്വത്തില്‍ ഏകത്വം എന്നതിന് പകരം ഏകത്വത്തിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം ദുര്‍ബലമായി. മത-സാമുദായിക സൗഹാര്‍ദം തര്‍ന്നുകൊണ്ടിരിക്കുന്നു. തന്നെ സംബന്ധിച്ച് അവസാന ശ്വാസം വരെ ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റേയും വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും ആന്റണി വ്യക്തമാക്കി.

എല്ലാ ഇന്ത്യക്കാരേയും വേര്‍തിരിവില്ലാതെ കണ്ട ഒരു കുടുംബമാണ് നെഹ്റു കുടുംബം. ഇന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വേട്ടയാടലുകള്‍ക്കിടയിലും നിര്‍ഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങള്‍. ഒരു ഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുമായി താന്‍ അകന്നുപോയി. വീണ്ടും അവരോട് യോജിച്ചതിന് ശേഷം ആ കുടുംബവുമായി മുമ്പില്ലാത്ത വിധത്തില്‍ അടുപ്പമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്റെ കൂറ് എല്ലാ കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കുമെന്നും ആന്റണി പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ടോടെയാണ് അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് അനിലിന് ബി.ജെ.പി അംഗത്വം നല്‍കിയത്. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ അടക്കമുള്ള നേതാക്കളെ അനില്‍ സന്ദര്‍ശിച്ചിരുന്നു.