കല്ലായിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റത് കൊല്ലം ജില്ലക്കാരന്‍; ആദ്യം പ്രചരിച്ചത് തെറ്റായ വിവരം
കോഴിക്കോട്: കല്ലായിയില്‍ ബുധനാഴ്ച രാവിലെ ട്രെയിന്‍ തട്ടി പരിക്കേറ്റത് കൊല്ലം ജില്ലക്കാരനായ ആള്‍. നേരത്തേ കൊയിലാണ്ടി കൊല്ലം സ്വദേശിക്കാണ് പരിക്കേറ്റത് എന്നാണ് പ്രചരിച്ചത്. പൊലീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം ലഭിച്ച വിവരം കൊയിലാണ്ടി കൊല്ലം സ്വദേശിയാണ് പരിക്കേറ്റത് എന്നായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. പൊലീസില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കൊയിലാണ്ടി കൊല്ലം സ്വദേശിക്കാണ് അപകടത്തില്‍ പരിക്കേറ്റത് എന്നാണ് ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കല്ലായിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റ മുഹമ്മദ് ഷാഫി കൊല്ലം ജില്ലക്കാരനാണെന്ന് പന്നിയങ്കര പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊയിലാണ്ടി കൊല്ലമെന്ന് തെറ്റി പറഞ്ഞതാകാമെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ പരിശോധിച്ച് കൊല്ലം ജില്ലക്കാരനാണ് എന്ന് സ്ഥിരീകരിച്ചുവെന്നും പൊലീസ് പറഞ്ഞു.
കല്ലായി റെയില്‍വേ സ്‌റ്റേഷന് സമീപം ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കില്‍ ഇരുന്നവരെയാണ് ട്രെയിന്‍ തട്ടിയത്. കണ്ണൂര്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.
അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത് എന്നാണ് വിവരം. മുഹമ്മദ് ഷാഫിയെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.