രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി. കഴിഞ്ഞ ദിവസം പുറത്ത് വന്ന കോടതി വിധിയെ തുടര്‍ന്നാണ് വയനാട് ലോക്‌സഭാ അംഗമായ രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെതാണ് തീരുമാനം. വിധി വന്ന വ്യാഴാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നുവെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ ഉത്തരവില്‍ പറയുന്നു.

2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി. രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് കോടതി രാഹുലിന് വിധിച്ചത്.

കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യക്കപ്പെട്ടതിനാല്‍ ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും രാഹുല്‍ഗാന്ധിക്ക് വിലക്കുണ്ടാകും. ശിക്ഷ വിധിച്ച സൂറത്ത് കോടതി അപ്പീല്‍ നല്‍കാനായി 30 ദിവസത്തേക്ക് ശിക്ഷ മരവിപ്പിച്ചതായും അറിയിച്ചിരുന്നു. അപ്പീല്‍ കൊടുക്കുന്നതിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് രാഹുലിനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുന്നത്. ലോക്‌സഭാ ജനറല്‍ സെക്രട്ടറി ഉത്പാല്‍ സിങ്ങാണ് രാഹുല്‍ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.