പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം; കൊയിലാണ്ടിയിൽ റോഡ് ഉപരോധിച്ച് എംഎസ്എഫ്, മൂന്ന് പേർ അറസ്റ്റിൽ


കൊയിലാണ്ടി: പൗരത്വ നിയമ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച മൂന്ന് എംഎസ്എഫ് നേതാക്കൾ അറസ്റ്റിൽ. സംസ്ഥാന കമ്മിറ്റി വിങ്ങ് കൺവീനർ ആസിഫ് കലാം, ജില്ലാ കൺവീനർ അഫ്രിൻ ഇസ്മായിൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഫസീഹ് പുറക്കാട് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു.

പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് എംഎസ്എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സം​ഗമവും സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് റോഡ് ഉപരോധിച്ചത്. സം​ഗമം യൂത്ത് ലീ​ഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ റിയാസ് ഉദ്ഘാടനം ചെയ്തു.

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങളാണ് നിലവില്‍ വന്നത്. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Summary: Protests against the Citizenship Amendment Act; MSF blocked the road in Koyilandy