സമുദ്ര മത്സ്യബന്ധന മേഖലയിൽ കൂടുതല്‍ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (15/06/23) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

പരിശീലനം നൽകുന്നു

സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക് സ്മാർട്ട്ഫോൺ ഉപയോഗം സംബന്ധിച്ച് രണ്ട് ആഴ്ചത്തെ പരിശീലന കോഴ്സ്  ആരംഭിക്കുന്നു. കൂടാതെ, ഒരു മാസത്തെ കമ്പ്യൂട്ടർ പരിശീലനം, ഒരു മാസത്തെ വീട്ടുപകരണ റിപ്പയറിങ് എന്നിവയ്ക്കും ക്ലാസ്സുകൾ ആരംഭിക്കുന്നു. താൽപര്യമുള്ളവർ ഉടൻ സ്കിൽ ഡവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 0495 2370026, 8891370026

നിത്യോപയോഗ സാധനങ്ങളുടെ വില വർധന: വിപണി പരിശോധന കർശനമാക്കുംനിത്യോപയോഗ സാധനങ്ങളുടെ വില വർധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി വിപണി പരിശോധന കർശനമാക്കും. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് ജില്ലയിലെ മൊത്ത – ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തും.

വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, പർച്ചേസ് ബില്ലോ ഇൻവോയ്സോ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുക, സാധനങ്ങൾ വാങ്ങിയ വിലയിലും വില്പനവിലയിലും ക്രമാതീതമായ വ്യത്യാസം വരുത്തുക, അളവ് തൂക്ക ഉപകരണങ്ങളിൽ മുദ്ര പതിപ്പിക്കാതിരിക്കുക, ഒരേ സാധനത്തിന് പല കടകളിൽ വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ജില്ലാ കലക്ടർ എ ഗീതയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പൊതുവിപണി പരിശോധനയ്ക്ക് നിർദേശം നൽകിയത്.

പി എസ് സി അറിയിപ്പ്

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌ II (എസ് ആർ ഫോർ എസ് ടി ഒൺലി) (കാറ്റഗറി ന. 421/2022) തസ്തികയ്ക്ക്‌ സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂൺ 21 നു പി.എസ്‌.സി ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷൻ ടിക്കറ്റ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കന്നതല്ല. അഡ്മിഷൻ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം അഭിമുഖം നടക്കുന്ന തിയ്യതി രാവിലെ എട്ട് മണിയ്ക്ക്‌ ഓഫീസില്‍ ഹാജരാകണമെന്ന് പി.എസ്‌.സി ജില്ലാ ഓഫീസർ അറിയിച്ചു. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ : 0495 2371971

ടെണ്ടർ ക്ഷണിച്ചു

കൊടുവള്ളി ശിശു വികസന പദ്ധതി ഓഫീസിലേക്ക് 2022-23 വർഷത്തെ അങ്കണവാടി പ്രീ സ്കൂൾ എജുക്കേഷൻ കിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 3,000 രൂപ നിരക്കിൽ 152 അങ്കണവാടികൾക്കാണ് സാധനം വിതരണം ചെയ്യേണ്ടത്. ജൂൺ 19ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടർ സമർപ്പിക്കാം. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്  0495-2211525, 7012870495.
വയോജന പീഡന വിരുദ്ധ ദിനം; ബോധവൽകരണ പരിപാടി സംഘടിപ്പിച്ചുസാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോജന പീഡന വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശാരുതി അധ്യക്ഷത വഹിച്ചു.

മുതിർന്ന പൗരന്മാർക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള ബോധവൽക്കരണം ലക്ഷ്യമാക്കിയുള്ള ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌  ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ ദിനാചരണ സന്ദേശം നൽകി. ‘വയോജന നയം, നിയമം – സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതികൾ’  എന്ന വിഷയത്തിൽ ഫൈസൽ എം.പി, ‘എൽഡർ ലൈൻ’ എന്ന വിഷയത്തിൽ വിനീത് വിജയൻ എന്നിവർ ക്ലാസ്സെടുത്തു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി പറശ്ശേരി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത് എൻ, ജില്ലാ വയോജന കമ്മിറ്റി മെമ്പർ കെ.എം ജയരാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്‌റഫ്‌ കാവിൽ സ്വാഗതവും സീനിയർ സൂപ്രണ്ട് രംഗരാജ് ബി നന്ദിയും പറഞ്ഞു. വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി

സമുദ്ര മത്സ്യബന്ധന മേഖലയിൽ കൂടുതല്‍ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

സമുദ്ര മത്സ്യബന്ധന മേഖലക്ക്‌ കരുത്തേകാൻ കൂടുതല്‍ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക, കടലിലെ മത്സ്യസമ്പത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് മത്സ്യബന്ധന ക്ഷമത വർധിപ്പിക്കുക, ഗുണനിലവാരമുള്ള മത്സ്യം ഗുണഭോക്താക്കളിലെത്തിക്കുക അത് വഴിയുള്ള മെച്ചപ്പെട്ട വരുമാനത്തിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക  ഉന്നമനവും സുസ്ഥിരതയും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്.

പരമ്പരാഗത മത്സ്യബന്ധന മേഖലയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള യന്ത്രവല്‍കൃത മത്സ്യബന്ധന മേഖലയ്ക്കായി സബ്‌സിഡി നിരക്കില്‍ സ്ക്വയർ മെഷ് വലകൾ, നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീൽ ഹൾ ഉള്ള ബോട്ടുകളായി മാറ്റുന്ന പദ്ധതി, യന്ത്രവല്‍കൃത യാനങ്ങളില്‍ റഫ്രിജറേഷൻ യൂണിറ്റ്, സ്ലറി, ഐസ് യൂണിറ്റ്, ബയോ ടോയ്ലറ്റ് എന്നിവ സജ്ജമാക്കുന്നതിനുമുള്ള പദ്ധതികളാണ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി മൗണ്ടഡ് ജി.പി.എസ്, ഇൻസുലേറ്റഡ് ഐസ് ബോക്സ്‌ എന്നിവയും സബ്‌സിഡി നിരക്കില്‍ നല്‍കുന്നു. കടലില്‍ മത്സ്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് മത്സ്യബന്ധന ക്ഷമത കൂട്ടാനും ഗുണനിലവാരമുളള മത്സ്യം ഉപഭോക്താക്കളിൽ എത്തിക്കാനും ഇത് വഴി സാധിക്കും.

പദ്ധതികളുടെ ഗുണഭോക്താക്കാളാകാന്‍ താല്‍പ്പര്യമുള്ള മത്സ്യത്തൊഴിലാളികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ജൂൺ 24ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ അടുത്തുള്ള മത്സ്യഭവന്‍ ഓഫീസുകളിലോ നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :  0495 -2383780

കൂളിക്കുന്ന് പട്ടികജാതി കോളനിക്ക് ഒരുകോടി രൂപയുടെ ഭരണാനുമതിഅംബേദ്കർ ഗ്രാമവികസന പദ്ധതി 2022-23 സാമ്പത്തിക വർഷം പ്രകാരം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കൂളിക്കുന്ന് പട്ടികജാതി കോളനിക്ക് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഇത് സംബന്ധിച്ച  ഉത്തരവ് പുറത്തിറക്കി.
പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി അടുത്ത ദിവസം തന്നെ കോളനിയിൽ  യോഗം ചേരുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചുകേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ജേർണലിസം ആൻഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേർണലിസം, പബ്ലിക് റിലേഷന്‍സ് ആൻഡ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂണ്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 31.5.2023 ല്‍ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക. കൂടുതൽ വിവരങ്ങൾക്ക് : 0484-2422275, 9539084444 , 8086138827, 7907703499,  www.keralamediaacademy.org , [email protected]

കരിയർ ഗൈഡൻസ് ക്ലാസ്

എസ് എസ് എൽ സി, പ്ലസ് ടു പാസ്സായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് പേരാമ്പ്ര മിനി സിവിൽസ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ജൂൺ 17 ന്  രാവിലെ 10 മണിക്ക് നടക്കും. വിദ്യാർത്ഥികൾക്ക് യാത്രപ്പടിയും ഭക്ഷണവും നൽകുന്നതാണ്. മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പാ പദ്ധതി, ഭവന പുനരുദ്ധാരണ വായ്പാ പദ്ധതി എന്നിവയ്ക്ക്‌ കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പുതിയ വീടിന് പരമാവധി 10 ലക്ഷം രൂപയും പുനരുദ്ധാരണത്തിന് പരമാവധി അഞ്ച് ലക്ഷം രൂപയുമാണ്‌ അനുവദിക്കുന്നത്‌. ഭവന വായ്പാ പദ്ധതിയുടെ വരുമാന പരിധി 600,000 രൂപയാണ്‌. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തിരിച്ചടവ്‌ കാലാവധിയുള്ള വായ്പകള്‍ക്ക്‌ ഏഴ് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ്‌ പലിശ നിരക്ക്‌. തെരഞ്ഞെടുക്കപ്പെടുന്നവർ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്‌ ഭവന വായ്പാ പദ്ധതിക്ക്‌ വസ്തു ജാമ്യവും, ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിക്ക്‌ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്‌. താല്പര്യമുള്ളവർ വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌.  ഫോൺ : 0495 – 2767606 , 9400068511

വനിതാ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു

മേലടി ബ്ലോക്ക് പഞ്ചായത്ത് ജി.ആർ.സി സെന്ററിന്റെ നേതൃത്വത്തിൽ ഏകദിന വനിതാ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിക്കും.

ജൂൺ 17ന് പഞ്ചായത്ത് ഹാളിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. നതാലി മെസെൻ സംവിധാനം ചെയ്ത ക്ലാരസോള, മനോജ് കാനയുടെ ചായില്യം, ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നീ മൂന്ന് സിനിമകളാണ് പ്രദർശിപ്പിക്കുക. ചലച്ചിത്രോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ബാലുശ്ശേരി അങ്ങാടിയിൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കി
ബാലുശ്ശേരി അങ്ങാടിയിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്തല ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം ചേർന്നു. അങ്ങാടിയിലെ ഓട്ടോറിക്ഷാ പാർക്കിംഗ്, മറ്റ് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ നടപ്പിലാക്കി. ബാലുശ്ശേരി മാർക്കറ്റിനു സമീപം നിലവിലുണ്ടായിരുന്ന ഓട്ടോറിക്ഷാ പാർക്കിംഗ് ബസ് സ്റ്റാൻഡിനു പടിഞ്ഞാറു ഭാഗം കെ. സ്.എഫ്.ഇ യുടെ സമീപത്തേക്ക് മാറ്റുന്നതിന് തീരുമാനമായി.
കൊയിലാണ്ടി- താമരശ്ശേരി റോഡിൽ ബാലുശ്ശേരി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പഴയ പോസ്റ്റ് ഓഫീസ് റോഡ് ജംഗ്ഷന്‍ വരെ സംസ്ഥാന പാതക്ക് വടക്ക് ഭാഗത്ത് പൂർണ്ണമായും പാർക്കിംഗ് നിരോധിച്ചു. പോസ്റ്റ് ഓഫീസ് റോഡിൽ സബ് ട്രഷറി വരെയും ഹൈസ്കൂൾ റോഡിൽ സംസ്ഥാന പാത ജംഗ്ഷൻ മുതല്‍ ത്രിവേണി സൂപ്പർമാർക്കറ്റ് വരെ റോഡിന് ഇരുവശവും കൈരളി റോഡിനു പടിഞ്ഞാറു ഭാഗവും ബസ് സ്റ്റാന്‍റ് മുതൽ ഉദയ മെഡിക്കൽസ് വരെ റോഡിന് ഇരുവശവും, ബസ് സ്റ്റാന്റില്‍ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡിന് ഇരുവശവും ഉള്ള പാർക്കിംഗും നിരോധിച്ചു.
ഹൈസ്കൂൾ റോഡിലും കൈരളി റോഡിലും വലിയ വാഹനങ്ങൾ നിർത്തി സാധനങ്ങൾ കയറ്റുന്നതും രാത്രി എട്ട് മണിക്ക് ശേഷം മാത്രമായി നിജപ്പെടുത്തി. ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ നിന്ന് പോകുന്ന ബസുകൾ പോസ്റ്റ് ഓഫീസ് വരെ റോഡിൽ പല സ്ഥലത്തും നിർത്തി ആളുകളെ കയറ്റുന്നത് കർശനമായി വിലക്കാനും തീരുമാനിച്ചു. നിലവില്‍ ചിറക്കൽ കാവ് ക്ഷേത്രത്തിന് സമീപമുള്ള ഗുഡ്സ് വാഹനങ്ങളുടെ പാർക്കിംഗ് സംസ്ഥാന പാതയിൽ പോലീസ് സ്റ്റേഷന് സമിപത്തേക്ക് മാറ്റുന്നതിന് തീരുമാനിച്ചു.
പഴയ പോസ്റ്റ് ഓഫീസിന് സമീപം ബസ് നിർത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നതിനാൽ ബസ് സ്റ്റോപ്പ് അൽപ്പം കൂടി കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിന് തീരുമാനിച്ചതായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് അറിയിച്ചു.
ദര്‍ഘാസുകള്‍ ക്ഷണിച്ചു 
മേലടി ഐ.സി.ഡി.എസ്‌ കാര്യാലയ പരിധിയിലെ 130 അങ്കണവാടികളിലേക്കും 2022 -23 സാമ്പത്തിക വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റ്‌ വാങ്ങിക്കുന്നതിനായി ജി.എസ്‌.ടി റജിസ്ട്രേഷന്‍ ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി: ജൂൺ 30
അപേക്ഷ ക്ഷണിച്ചു
മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2023 ലെ എസ്‌.എസ്‌.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും,സി ബി.എസ്‌.ഇ പത്താം ക്ലാസ്‌ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ 1 നേടിയവര്‍ക്കും പാരിതോഷികം നല്‍കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ജൂലൈ 15 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്‌. സമയപരിധിക്ക്‌ ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷയുടെ മാതൃക മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ്‌ ഓഫീസര്‍മാരുടെയും ക്ഷേമനിധി സ്രെകട്ടറിയുടെ ഓഫീസ്‌, അസിസ്റ്റന്റ്‌ കമ്മീഷണര്‍മാരുടെ ഓഫീസ്‌, ഡിവിഷന്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസ്‌ എന്നിവിടങ്ങളിലും മലബാര്‍ ദേവസ്വം ബോര്‍ഡ്‌ വെബ്ബ്സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.