ആശങ്കകൾക്ക് വിരാമം, വഴി അടയില്ല; കൊയിലാണ്ടി ബൈപ്പാസിൽ മൂടാടി-ഹിൽബസാർ റോഡിലെ അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു


കൊയിലാണ്ടി: മൂടാടി-ഹിൽബസാർ റോഡിൽ കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. അടിപ്പാതയ്ക്കായുള്ള തൂണുകൾ നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണിന്റെ ഘടന പരിശോധിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്.

ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മിക്കുന്നത്. ബൈപ്പാസ് നിർമ്മിക്കുമ്പോൾ മൂടാടി-ഹിൽബസാർ റോഡ് അടയ്ക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. തുടർന്ന് മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഈ പ്രക്ഷോഭത്തെ തുടർന്ന് കൊയിലാണ്ടി എം.എൽ.എ പ്രശ്നത്തിൽ ഇടപെടുകയും മൂടാടി-ഹിൽബസാർ റോഡിൽ അടിപ്പാത അനുവദിക്കപ്പെടുകയുമായിരുന്നു. ദേശീയപാതയിൽ പുതുതായി ആറ് അണ്ടർ പാസുകളാണ് അനുവദിക്കപ്പെട്ടത്. ഹിൽബസാർ റോഡിലെ അടിപ്പാതയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിൻ്റെ മുന്നോടിയായാണ് മണ്ണിന്റെ ഘടനാ പരിശോധന ആരംഭിച്ചത്.