പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് പുനരാരംഭിച്ചു; അവസാന തിയ്യതി ജൂൺ 30


കോഴിക്കോട്: നിർത്തിവച്ചിരുന്ന പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ വീണ്ടും ആരംഭിച്ചു. സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളും പൊതുസേവന കേന്ദ്രങ്ങളും പെൻഷൻ മസ്റ്ററിങ് തങ്ങൾക്കുകൂടി നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതിനെ തുടർന്ന് പെൻഷൻ മസ്റ്ററിങ് താൽക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരും ക്ഷമനിധി പെൻഷൻ വാങ്ങുന്നവരും മസ്റ്ററിങ് ചെയ്യേണ്ടതാണ്. 2022 ഡിസംബർ 31 കാലയളവിലുള്ള എല്ലാ ഉപഭോക്താക്കളും നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്. 2023 ജനുവരി ഒന്നിന് ശേഷം പെൻഷൻ വാങ്ങിത്തുടങ്ങിയവർ ചെയ്യേണ്ടതില്ല. കിടപ്പുരോഗികൾക്ക് ജീവനക്കാർ വീട്ടിലെത്തി മസ്റ്ററിങ് ചെയ്യാനുള്ള അവസരം നൽകും.

ഹൈക്കോടതിയുടെ സ്റ്റേ വന്നതോടെ മസ്റ്ററിങ് നടപടികൾ നിർത്തി വയ്ക്കുകയായിരുന്നു. മസ്റ്ററിംഗ് നിർത്തിയതോടെ വയോധികർ ഉൾപ്പെടെയുള്ള പെൻഷൻ ഗുണഭോക്താക്കൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. അംഗീകൃത സർക്കാർ സേവന ദാതാക്കൾ അക്ഷയ മാത്രമാണെന്നും ജനങ്ങളുടെ രേഖകളുടെ സുരക്ഷയും വിശ്വസ്തതയും കണക്കിലെടുത്താണ് അക്ഷയ കേന്ദ്രങ്ങളെ മസ്റ്ററിങ് ചുമതല ഏൽപ്പിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണേഴ്‌സും (ഫേസ്), എ.ഐ.ടി.ഇ (സി.ഐ.ടി.യു), എസ്.ടി.യു എന്നീ സംഘടനകളും അക്ഷയ സംരംഭകർക്കുവേണ്ടി ഹൈക്കോടതിയിൽ കക്ഷി ചേർന്നിരുന്നു.

കേസിൽ അക്ഷയയ്ക്ക് അനുകൂലമായി കോടതി വിധി വന്നതോടെയാണ് ധനകാര്യവകുപ്പ് അക്ഷയ പ്രൊജക്റ്റ് ഓഫീസിനും സ്റ്റേറ്റ് ഐ.ടി മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മസ്റ്ററിങ് പൂർത്തിയാക്കുവാൻ നിർദേശം നൽകിയത്. ജൂൺ 30 നു മുമ്പ് പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. മസ്റ്ററിങ് ഒരുമാസത്തോളം തടസപ്പെട്ടതിനാൽ സമയം നീട്ടിനൽകുമെന്നാണ് പ്രതീക്ഷ.