ഹോർട്ടികോർപ്പ് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

ഗതാഗതം ഭാഗികമായി നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ പൂനൂർ നരിക്കുനി റോഡിൽ കി.മീ 0/000 മുതൽ 9/650 വരെയുളള റോഡിൽ ടാറിംഗ് പ്രവൃത്തി ഫെബ്രുവരി 20 ന് ആരംഭിക്കുന്നതിനാൽ അന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ എളേറ്റിൽ-വട്ടോളി കാഞ്ഞിരമുക്ക് -പന്നൂർ -നരിക്കുനി വഴിയും തിരിച്ചു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

ഓംബുഡ്സ്മാൻ സിറ്റിംഗ് നടത്തുന്നു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പി.എം.എ.വൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി ഫെബ്രുവരി 22 ന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ്, പി.എം.എ.വൈ ഭവനപദ്ധതി ഓംബുഡ്സ്മാൻ വി. പി.സുകുമാരൻ അഴിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മണി മുതൽ സിറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. പി.എം.എ.വൈ ഗുണഭോക്താക്കൾ, എം.ജി.എൻ.ആർ.ഇ.ജി.എസ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്ക് നേരിട്ട് പരാതികൾ നൽകാവുന്നതാണെന്ന് ഓംബുഡ്സ്മാൻ അറിയിച്ചു.

ടെണ്ടറുകൾ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് 2022 -23 സാമ്പത്തിക വർഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് ഓടിക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഫെബ്രുവരി 24 ന് ഉച്ചക്ക് ശേഷം 1മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0495 -2702523/ 8547233753

ഹോർട്ടികോർപ്പ് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും പുറമെ മറ്റു പൊതു മേഖല സ്ഥാപനങ്ങൾ/ കുടുംബശ്രീ/ഫാർമേഴ്സ് ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി/കൃഷി കൂട്ടങ്ങൾ സഹകരണ സ്ഥാപനങ്ങൾ എന്നിവരുടെ ഉൾപ്പന്നങ്ങളും ഹോർട്ടി സ്റ്റോറിൽ ലഭ്യമാക്കുന്നതാണ്. സ്റ്റോറുകൾക്ക് കുറഞ്ഞത് 100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉണ്ടായിരിക്കണം. സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000/ – രൂപ
അടയ്ക്കണം. ഹോർട്ടികോർപ്പ് നിർദ്ദേശിക്കുന്ന മാതൃകയിൽ സ്റ്റോറുകൾ ക്രമീകരിക്കേണ്ടതാണ്. താൽപര്യമുളള സംരംഭകർ 0471 2359651, 9447625776 എന്നീ ഫോൺ നമ്പറുകളിലോ, മാനേജിംഗ് ഡയറക്ടർ, ഹോർട്ടികോർപ്പ്, ഉദയഗിരി, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695012. എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

 

വാഹന ഗതാഗതം നിരോധിച്ചു

പനായി- നന്മണ്ട 14 റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 21 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ (റോഡ് പ്രവൃത്തിക്കുളള വാഹനങ്ങൾ ഒഴികെ) ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു. ഈ വഴിയിലൂടെയുള്ള വാഹനങ്ങൾ ബാലുശ്ശേരി മെയിൻ റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

ബാലാവകാശ സംരക്ഷണ നിയമം: ബേപ്പൂരിൽ ബോധവൽക്കരണ പരിപാടി

ബാലാവകാശ സംരക്ഷണ നിയമങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടി ബേപ്പൂർ നിയോജക മണ്ഡലത്തിൽ നടക്കും.

കേരളസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിക്കുന്ന ബോധവൽക്കരണ സെമിനാറിന്റെ ഉദ്ഘാടനം ഫെബ്രുവരി 19 ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഫറോക്കിലെ എ4 സെലിബ്രേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ കേരളസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അഡ്വ.കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിക്കും. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി മുഖ്യാതിഥി ആയിരിക്കും.

കുട്ടികളുടെ അവകാശങ്ങൾ മുൻ നിർത്തി അവരുടെ സംരക്ഷണം സമൂഹത്തിൽ ഊട്ടി ഉറപ്പിച്ച് മികച്ച പൗരന്മാരായി രൂപപ്പെടുത്തുക എന്നതാണ് ബോധവൽക്കരണ പരിപാടിയിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നത്.

 

ഉപതിരഞ്ഞെടുപ്പ്: പ്രദേശിക അവധി പ്രഖ്യാപിച്ചു

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാർഡ്‌ നമ്പർ 15 കക്കറമുക്ക് ഡിവിഷനിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രസ്തുത മണ്ഡലത്തിന്റെ പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുവാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് കലക്ടർ നിർദ്ദേശിച്ചു.

‘രക്ഷാസേന’ അപേക്ഷ ക്ഷണിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ കോഴിക്കോട്‌ മേഖല ഓഫീസിന് കീഴില്‍ ഉപജീവന മാര്‍ഗ്ഗത്തിനായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളെ പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും അപകട സാധ്യതകളും അറിയിക്കുന്നതിനും അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകട സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ‘രക്ഷാസേന’ രൂപികരിക്കുന്നു.

താല്പര്യമുള്ള അപേക്ഷകര്‍ കടലിലോ, കായലിലോ മത്സ്യബന്ധനം നടത്തുന്നവരായിരിക്കണം. പ്രായ പരിധി 18-35. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സന്നദ്ധരായിരിക്കണം. നീന്തല്‍ അറിഞ്ഞിരിക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സന്നദ്ധ സേവനം നല്‍കാന്‍ തയ്യാറാണെന്ന സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം, വയസ്സ്‌ തെളിയിക്കുന്നതിനുളള രേഖ, നീന്തല്‍ അറിയാമെന്നുളളതിന് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം എന്നീ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. താല്‍പര്യമുളളവര്‍ വടകര, തിക്കോടി, കൊയിലാണ്ടി, വെസ്റ്റ്ഹില്‍, ബേപ്പൂര്‍, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി ഫിഷറീസ് ഓഫീസുകളിൽ മാര്‍ച്ച് 5 നകം അപേക്ഷ സമര്‍പ്പിക്കണം.

 

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

ഒറ്റപ്പെട്ട ആദിവാസി ഊരുകളിലേക്ക് റേഷന്‍ സാധനങ്ങള്‍ സഞ്ചരിക്കുന്ന റേഷന്‍ കട വഴി നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി താലുക്കില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലെ പൊന്നാങ്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് എന്നീ ആദിവാസി ഊരുകളിലേക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് വഴി വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ ഊരുകളില്‍ നേരിട്ട്
എത്തിക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 2 മണിവരെ. ലഭ്യമായ ക്വട്ടേഷനുകള്‍ ഹാജരായ വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രസ്തുത ദിവസം 3 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2224030

ലേലം ചെയ്യുന്നു

കോഴിക്കോട് സിറ്റിയിലെ പന്തീരങ്കാവ്, നടക്കാവ്, മെഡിക്കല്‍കോളേജ്, കുന്ദമംഗലം, എലത്തൂര്‍, കസബ ചേവായൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തത്തില്‍ എന്‍ഡിപിഎസ് ആക്ട് കേസില്‍പെട്ട 13 വാഹനങ്ങള്‍ സൂക്ഷിച്ചുവരുന്നുണ്ട്. ഈ വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് www.mstcecommerce.com മുഖേന മാര്‍ച്ച് 2 രാവിലെ 11 മണി മുതല്‍ 4 മണി വരെ ഓലൈന്‍ ആയി ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ എംഎസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാവുതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2722673.

 

വേൾഡ് ഫൂട്ട് വോളി: ഗാലറിയുടെ കാൽനാട്ടൽ കർമ്മം നിർവഹിച്ചു

വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന്റെ ഗാലറിയുടെ കാൽനാട്ടൽ കർമ്മം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ നിർവഹിച്ചു. ചടങ്ങിൽ ഡബ്ല്യൂ എഫ് സി വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ മുഖ്യപ്രഭാഷണം നടത്തി.

ഫെബ്രുവരി 24 മുതൽ 26 വരെ കോഴിക്കോട് ബീച്ചിലാണ് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ ചാമ്പ്യൻഷിപ്പ് ഓർഗനൈസിംഗ് കമ്മിറ്റി മെമ്പർമാരായ എം.മുജീബ് റഹ്മാൻ, ആർ ജയന്ത് കുമാർ, ടി എം അബ്ദുറഹിമാൻ, പി ഷഫീഖ്, കെ വി ജയാനന്ദ്, ഹാഷിം കടാക്കൽ,ബാബു പാലക്കണ്ടി, റമീസ് അലി, ഹാരി ബക്കർ, എം.എ സാജിദ്, ഇ. കോയ, ഡോ: യുകെ അബ്ദുൽ നാസർ, ടി മുഹമ്മദ് മുസ്തഫ, സി.ടി ഇല്യാസ്, എ.എം നൂറുദ്ദീൻ, എം.എം ദിൽന തുടങ്ങിയവർ പങ്കെടുത്തു.

ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സിപി റഷീദ് പൂനൂർ നന്ദിയും പറഞ്ഞു.

 

എന്‍ യു എല്‍ എം സര്‍ട്ടിഫിക്കറ്റ് വിതരണവും സബ്‌സിഡി വിതരണവും നടത്തി

കോഴിക്കോട് കോര്‍പ്പറേഷന്‍ വി ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി എന്‍ യു എല്‍ എം നൈപുണ്യ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തി പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച ഉദ്യോഗാർത്ഥികൾക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ലിങ്കേജ് ലോണെടുത്ത അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള സബ്‌സിഡി വിതരണവും മേയര്‍ ഡോ ബീന ഫിലിപ്പ് നിര്‍വഹിച്ചു.

വി ലിഫ്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പരിധിയില്‍ താമസിക്കുന്ന 18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള പരിശീലനം പൂര്‍ത്തിയാക്കിയ 52 ഉദ്യോഗാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിന്റെ വിതരണമാണ് നിര്‍വഹിച്ചത്. പരിശീലനം നേടുന്ന പഠിതാക്കള്‍ക്ക് ആവശ്യമായ പഠന ചെലവിന്റെ മുഴുവന്‍ തുകയും സര്‍ക്കാരാണ് നല്‍കുന്നത്. അതോടൊപ്പം പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ചുരുങ്ങിയത് 10000 രൂപ ലഭിക്കുന്ന ജോലിയും ഉറപ്പുവരുത്തുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം ആയുര്‍വേദ സ്പാ തറാപ്പിസ്റ്റ്, അക്കൗണ്ടന്റ് തുടങ്ങി വിവിധ കോഴ്സുകളിലായി 153 ഉദ്യോഗാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു.

വിവിധ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും സംരംഭങ്ങള്‍ ആരഭിക്കുന്നതിനായി അയല്‍ക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച ലിങ്കേജ് ലോണിന്റ സബ്‌സിഡി തുക വിതരണവും മേയര്‍ നിര്‍വ്വഹിച്ചു. ലോണെടുത്ത 1036 അയല്‍ക്കൂട്ടങ്ങള്‍ക്കായി 2. 93 കോടി രൂപ വിതരണം ചെയ്തു. 1036 അയല്‍ക്കൂട്ടങ്ങള്‍ വിവിധ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നായി 60 കോടി രൂപയാണ് ലോണ്‍ എടുത്തത്. ലോണ്‍ തുകയ്ക്ക് സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന പലിശ ഇനത്തിലുള്ള തുകയില്‍ നിന്നു 4 % കഴിച്ചു ബാക്കി തുക സബ്‌സിഡിയായി ലഭിക്കുന്നു എന്നതാണ് ലിങ്കേജ് ലോണിന്റെ പ്രത്യേകത. ഒരു അയല്‍ക്കൂട്ടത്തിനു ജാമ്യക്കാരനില്ലാതെ 20 ലക്ഷം രൂപ വരെ ലഭിക്കും.

പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ദിവാകരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി.പി മനോജ്, കെ റംലത്ത്, എന്‍ ജയാഷീല, നോര്‍ത്ത് സി ഡി എസ് ചെയര്‍പേഴ്സണ്‍ എം അംബിക , പ്രോജക്ട് ഓഫീസര്‍ ടി കെ പ്രകാശന്‍, കുടുംബശ്രീ സെന്‍ട്രല്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ.കെ ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.

വയലട അള്‍ട്രാഹില്‍ റണ്‍: സംഘാടകസമിതി യോഗം ചേർന്നു

വയലട അള്‍ട്രാഹില്‍ റണ്‍ പരിപാടി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ബാലുശ്ശേരി പഞ്ചായത്ത്‌ ഹാളിൽ സംഘാടകസമിതി യോഗം ചേർന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ അനിത യോഗം ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലെ കായിക രംഗത്തിന്റെയും വയലടയിലേക്കുളള വിനോദ സഞ്ചാരത്തിന്റയും പ്രോത്സാഹനത്തിനായാണ് എം എൽ എ യുടെ നേതൃത്വത്തിൽ ദേശീയതല അള്‍ട്രാഹില്‍ റണ്‍ സംഘടിപ്പിക്കുന്നത്.

ലഹരിക്കെതിരെ സന്ദേശമുയർത്തി 120 അംഗങ്ങൾ പങ്കെടുക്കുന്ന റൺ
മാര്‍ച്ച് 5 ന് രാവിലെ 6 മണിക്ക് ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. 25 ഉം50 കി.മീ ദൈര്‍ഘ്യമുളള രണ്ട് മത്സരങ്ങളാണ് നടക്കുന്നത്.

പനങ്ങാട് നോര്‍ത്ത്, വാഴോറമല, കുന്നിക്കൂട്ടം, നമ്പികുളം, തോരാട്, താക്കോലായി, കോട്ടക്കുന്ന് എന്നീ മലകള്‍ താണ്ടി വയലട വഴി തിരികെ എത്തുന്ന തരത്തിലാണ് റണ്‍ റൂട്ട്. റോയല്‍ റണ്ണേഴ്‌സ് ഓഫ് കോഴിക്കോട് ആണ് ഈ അള്‍ട്രാഹില്‍ റണ്ണിന്റെ നിര്‍വ്വഹണ ചുമതല വഹിക്കുന്നത്.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം.കെ രാഘവൻ എം പി എന്നിവരെ സംഘാടകസമിതിയുടെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. അഡ്വ.കെ എം സച്ചിൻ ദേവ് എംഎൽഎയാണ് ചെയർമാൻ. വിവിധ പ്രവർത്തനങ്ങൾക്കായി 6 സബ് കമ്മിറ്റികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായിരുന്നു. റോയല്‍ റണ്ണേഴ്‌സ് പ്രതിനിധി റജീഷ് സിറിയക് റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡല വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പയിൽ, യുവജന ക്ഷേമം ജില്ലാ കോഡിനേറ്റർ ടി.കെ.സുമേഷ്, മണ്ഡല വികസന സമിതി അംഗങ്ങളായ പി സുധാകരൻ, നാരായണൻ കിടാവ്, കില ഫാക്കൽട്ടി അരവിന്ദാക്ഷൻ, ബിജു കാവുന്തറ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ, യുവജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ഗതാഗത നിരോധനം ഏർപ്പെടുത്തി

ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാവൂർ- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതൽ കൂളിമാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി 20 മുതൽ മാർച്ച്‌ 5 വരെ പൂണ്ണമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. എരഞ്ഞിമാവ് നിന്നും മാവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൂളിമാട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരഞ്ഞ് ചിറ്റാരിപ്ലാക്കൽ വഴി പി.എച്ച്.ഇ.ഡി ജംഗ്ഷനിൽ എത്തിയും, വലിയ വാഹനങ്ങൾ ചിറ്റാരിപ്ലാക്കൽ റോഡ് വഴി മുക്കിൽ ജംഗ്ഷനിൽ എത്തി മാവൂർ-ആർഇസി റോഡ് വഴി
മാവൂർ ഭാഗത്തേക്കും പോകേണ്ടതാണ്.