ഡി.സി.സി പ്രസിഡന്റിന്റെ വാക്കിന് പുല്ലുവിലയോ?, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ തോൽവി, കൊയിലാണ്ടിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു. ഇന്നലെ നടന്ന കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഗ്രൂപ്പ് പോരിന്റെ പരസ്യമായ പ്രകടനമായി മാറി. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയ്‌ക്കെതിരെ കോൺഗ്രസിലെ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ നിർത്തുകയും ഈ സ്ഥാനാർത്ഥി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

വി.പി.ഭാസ്‌കരനെയാണ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നത്. അവസാന നിമിഷം എ ഗ്രൂപ്പ് കെ.പി.വിനോദ് കുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും തുടർന്ന് നടന്ന വോട്ടെടുപ്പിൽ ഇരുവിഭാഗവും നാല് വോട്ടുകൾ വീതം നേടുകയും ചെയ്തു. മുസ്‌ലിം ലീഗ് വി.പി.ഭാസ്‌കരനെയായിരുന്നു പിന്തുണച്ചത്. വോട്ടുകൾ തുല്യമായതോടെ നറുക്കെടുപ്പ് നടത്തുകയും ഇതിൽ കെ.പി.വിനോദ് കുമാറിന് നറുക്ക് വീഴുകയുമായിരുന്നു.

ജില്ലാ നേതൃത്വത്തിന്റെ നിർദേശം മറികടന്നാണ് എ ​ഗ്രൂപ്പ് സ്ഥാനാർത്ഥിയെ നിർത്തിയതെന്ന് വി.പി.ഭാസ്‌കരൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വർഷങ്ങളായി ബാങ്ക് പ്രസിഡന്റ്, വെെസ് പ്രസിഡന്റ് സ്ഥാനങ്ങൾ എ ​ഗ്രൂപ്പാണ് കെെകാര്യം ചെയ്യുന്നത്. സീനിയോറിറ്റിയും പാർട്ടി ഭരവാഹിത്വവും പരി​ഗണിച്ച് എന്നെ മത്സരിപ്പിരക്കാൻ ഡി.സി.സി നിർദേശം നൽകി. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി നിർദേശം ലംഘിച്ച് എ ​ഗ്രൂപ്പ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടയാളായിരുന്നു വി.പി.ഭാസ്‌കരൻ. എന്നാൽ ഇവിടെയും ഗ്രൂപ്പ് അദ്ദേഹത്തിന് പ്രതിബദ്ധമാകുകയും എ ഗ്രൂപ്പിലെ രത്‌നവല്ലി ടീച്ചറെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയുമായിരുന്നു.

ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ കൊയിലാണ്ടിയിലെ മുതിർന്ന നേതാവ് എന്ന നിലയിൽ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനാത്തേക്ക് വി.പി ഭാസ്‌കരനെ തീരുമാനിച്ചത്. ഡി.സി.സി പ്രസിഡന്റ് അഡ്വ.പ്രവീൺകുമാർ അടക്കമുള്ളവർ മുതിർന്ന നേതാക്കളെ വിളിച്ച് വി.പി.ഭാസ്‌കരനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എ ​ഗ്രൂപ്പിന്റെ നിലപാടിനെിരെയും ഇവർക്കതിരെ നടപടി സ്വീകരിക്കാത്തതിനെതിരെയും പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.

Also Read- കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെ കെ.എസ്.ആര്‍.ടി.സി ശരീരത്തിലൂടെ കയറി ഇറങ്ങി; കൈതക്കലിലെ വാഹനാപകടത്തില്‍ മരിച്ച ഫനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്ടുകാരും ബന്ധുക്കളും