മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ നിയമനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/02/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

താല്പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2022 -23 വർഷത്തെ ജാഗ്രതാ സമിതി പദ്ധതിയിൽ ഉൾപ്പെടുത്തി 10 ഗ്രാമ പഞ്ചായത്തുകളിലേക്കായി ജാഗ്രതാ സമിതി കൺവീനർമാരായ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുടെ റൂമിലേയ്ക്ക് ഒന്നു വീതം സ്റ്റീൽ മേശയും കസേരയും വിതരണം ചെയ്യുന്നതിന് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. താല്പര്യപത്രം ഫെബ്രുവരി 13 ന് 5 മണിക്കകം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടാം.

അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് ട്രെയിനർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, നഴ്സിംഗ് ബിരുദധാരികൾക്കായി സ്റ്റൈപ്പെന്റോട് കൂടി ഇന്റേൺഷിപ്പ്, ഐ ഇ എൽ ടി എസ്‌/ ഒ ഇ ടി പരിശീലനം തുടങ്ങിയ കോഴ്സുകളാണ് നടത്തുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 8304062996/ 8606087207/ 9495999783/ 9495999710 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഡിടിപിസി ക്ക് കീഴില്‍ വിവിധ പ്രവര്‍ത്തികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന്
ടെണ്ടര്‍ ക്ഷണിച്ചു. ഡെസ്റ്റിനേഷനുകളിലേക്ക് സെക്യൂരിറ്റി സ്റ്റാഫ് (പ്രവൃത്തി കാലാവധി 11 മാസം), സരോവരം ബയോ പാര്‍ക്ക് ബോട്ട് ജെട്ടിയോട് ചേർന്നുള്ള സ്‌നാക്‌ ബാര്‍ (പ്രവൃത്തി കാലാവധി 2 വര്‍ഷം), കള്‍ച്ചറല്‍ ബീച്ച് കംഫേര്‍ട് സ്റ്റേഷന്‍ (പ്രവൃത്തി കാലാവധി 2 വര്‍ഷം ) എന്നിവയ്ക്കാണ് ടെണ്ടര്‍ ക്ഷണിച്ചത്. ടെണ്ടര്‍ ഫോറം വില്‍ക്കുന്ന തിയ്യതി ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 20 വരെ. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന തിയ്യതി ഫെബ്രുവരി 21 ന് ഉച്ചക്ക് 1 മണി. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ടെണ്ടര്‍ ഫോറം തുറക്കും. മുന്‍പ് ടെണ്ടറില്‍ പങ്കെടുത്ത് കരാറില്‍ ഏര്‍പ്പെടാതെ പിന്മാറിയവരുടെ അപേക്ഷ പരിഗണിക്കുതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04952720012

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ മെയിന്‍ ക്യാമ്പസ്സില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി ആൻഡ് ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആണ്. അപേക്ഷിക്കാനുളള അവസാന തിയ്യതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2721917, 9388942802 , 8547720167

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ വനിത ഐ ടി ഐ യിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് യോഗ്യതയുളളവർക്ക് ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ്, ഡിപ്ലോമ ഇൻ ഓയിൽ ഗ്യാസ് ടെക്നോളജി, ഡിപ്ലോമ ഇൻ ഇൻഡ്യൻ ഫോറിൻ അക്കൗണ്ടിങ്, ജിസ്ടി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8281723705

അറിയിപ്പ്

ജില്ലാ തല സായുധ സേനാ പതാക നിധി സമാഹരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്ത സായുധ സേനാ പതാകകളുടെ വില്‍പ്പന തുക കുടിശ്ശികയാക്കിയ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകളുടെ മേലധികാരികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍/ പ്രധാനാധ്യാപകർ എന്നിവര്‍ നിലവിലുളള മുഴുവന്‍ കുടിശ്ശിക തുകയും ഫെബ്രുവരി 20 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഒടുക്കി രസീതി കൈപ്പറ്റണമെന്ന് ജില്ലാ കലക്ടര്‍ അിറയിച്ചു.

അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പിന്റെ ഫാം പ്ലാൻ അധിഷ്ഠിത കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കർഷകരുടെ പ്രാദേശിക ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നതിനായി “പ്രീമിയം സ്റ്റാളുകൾ” സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ എഫ് പി ഒ കൾ, കുറഞ്ഞത് മൂന്നു വർഷം മാർക്കറ്റിങ് മേഖലയിൽ വൈദഗ്ധ്യമുള്ള സന്നദ്ധസംഘടനകൾ, കാർഷിക ഉല്പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകൾ, പ്രാഥമിക സർവീസ് സഹകരണ സൊസൈറ്റികൾ, ഫെഡറേറ്റഡ് ഓർഗനൈസേഷനുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 10 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതാത് ബ്ലോക്ക് തല കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസുമായി ബന്ധപ്പെടാം.

പി എസ് സി അഭിമുഖം

കോഴിക്കോട് ജില്ലയിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയ്ക്ക് 2022 ഓഗസ്റ്റ് 3 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭിമുഖം ഫെബ്രുവരി 15,16,17,22 തിയ്യതികളിൽ ജില്ലാ പി എസ് സി ഓഫീസിൽ നടക്കും. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ പിഎസ്‌സി വെബ്സൈറ്റിൽ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയക്കുന്നതല്ലെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371971

ഇൻസ്ട്രക്ടറെ നിയമിക്കുന്നു

മാളിക്കടവ് ഗവ. വനിത ഐ ടി ഐ യിലെ സെക്രട്ടേറിയൽ പ്രാക്ടിസ് ട്രേഡിലെ ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ തിയ്യതി ഫെബ്രുവരി 15 ന് രാവിലെ 11 മണി. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2373976

ദേശീയ ഭക്ഷ്യഭദ്രതാ നിയമം- 2013 വാർഷിക അവലോകന യോഗം ചേർന്നു

ദേശീയ ഭക്ഷ്യഭദ്രതാ നിയമം- 2013 ന്റെ വാർഷിക അവലോകന യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം അഡ്വ.പി വസന്തം അധ്യക്ഷത വഹിച്ചു.

ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ ഭാഗമയി അർഹതപ്പെട്ട എല്ലാവർക്കും ഭക്ഷ്യധാന്യം കൃത്യമായും ഗുണനിലവാരത്തോടെയും എത്തിക്കാൻ കഴിഞ്ഞതായി അഡ്വ. പി വസന്തം പറഞ്ഞു. കോവിഡ് കാലത്ത് പോലും പട്ടിണി മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യാതിരുന്നത് സിവിൽ സപ്ലൈസ്, വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ തുടങ്ങിയവയുടെ സ്തുത്യർഹമായ ഇടപെടൽ മൂലമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം പറഞ്ഞു.

സ്‌കൂളുകളിലെയും അങ്കണവാടികളിലേയും പാചകതൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുന്നതിന് ഫീസ് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ ശിശു വികസന വകുപ്പ് പ്രതിനിധികള്‍ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവില്‍ 500 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്നതിനു പകരം 250 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളിയെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്താമെന്ന് ഭക്ഷ്യ കമ്മീഷൻ അംഗം അറിയിച്ചു.

ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം, ജില്ലാ നൂൺമീൽ സൂപ്പർവൈസർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എം. സി മുഹമ്മദ് റഫീഖ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് കുമാരി ലത നന്ദിയും പറഞ്ഞു.

‘സംരംഭങ്ങൾ നിയമങ്ങളും സാധ്യതകളും’ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

‘സംരംഭങ്ങൾ നിയമങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് റീജിണൽ സയൻസ് സെന്റെർ ആൻഡ് പ്ലാനറ്റോറിയത്തിൽ ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം അധ്യക്ഷനായിരുന്നു.

വ്യവസായ വാണിജ്യ വകുപ്പ് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സമൂഹം സംരംഭക സൗഹൃദമാകുവാൻ നിയമങ്ങളെ ഉൾക്കൊള്ളുവാനും അത് നടപ്പാക്കുവാനുമുള്ള അറിവും മനോഭാവവും വികസിക്കണം എന്ന ലക്ഷ്യത്തോടെയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

‘സംരംഭങ്ങൾ നിയമങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗിരീഷ് ഐ അവതരണം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ് പി.ടി,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബാലരാജൻ എം.കെ, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ നിതിൻ പി തുടങ്ങിയവർ സംസാരിച്ചു.