കേരളോത്സവത്തിന്റെ കലാകായിക മത്സരങ്ങള്‍ തട്ടിക്കൂട്ട് പരിപാടിയാക്കി, യുവാക്കള്‍ക്ക് അവസരം നിഷേധിച്ചു; അരിക്കുളം പഞ്ചായത്തിലെ കേരളോത്സവ നടത്തിപ്പിനെതിരെ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം


അരിക്കുളം: പഞ്ചായത്തിലെ കേരളോത്സവ നടത്തിപ്പിനെതിരെ വിമര്‍ശനവുമായി അരിക്കുളം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം. ‘കേരളോത്സവം ഒരു നാടിനുണര്‍വ്വ് നല്‍കുന്ന ഉത്സവം, എന്നാല്‍ അരിക്കുളം പഞ്ചായത്തില്‍ വ്യക്തി താല്‍പര്യപ്രകാരം നടത്തുന്ന തട്ടിക്കൂട്ട് പരിപാടി’ എന്നാണ് പോസ്റ്ററുകളിലെ ആരോപണം.

കേരളോത്സവവുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ വെറും തട്ടിക്കൂട്ട് പരിപാടിയാക്കി മാറ്റിയെന്നാണ് പോസ്റ്റര്‍ പതിച്ചവരുടെ ആരോപണം. കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് പോലുള്ള മൂന്നാല് മത്സരങ്ങള്‍ മാത്രമാണ് നടത്തിയത്. കഴിഞ്ഞതവണ ബ്ലോക്ക് തല വടംവലി മത്സരത്തില്‍ അരിക്കുളത്തെ ടീമാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ വടംവലി മത്സരം നടത്തിയില്ലെന്നും ഇവര്‍ പറയുന്നു.

പഞ്ചായത്തിലെ ചിലര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. സംഘാടക സമിതി യോഗം വിളിച്ചുചേര്‍ക്കുന്നതുവരെ മുന്‍കൂട്ടി ആലോചിക്കാതെ പെട്ടെന്നൊരു ദിവസം വൈകുന്നേരമാണ് പിറ്റേന്ന് യോഗം നടക്കുന്ന കാര്യം അറിയിച്ചത്. കൂലിപ്പണിയ്ക്ക് പോയി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ് ഭൂരിപക്ഷം ആളുകളും. ഇവരുടെ പങ്കാളിത്തം കൂടി യോഗത്തില്‍ ഉറപ്പുവരുത്തുന്ന തരത്തിലുള്ള സമീപനമുണ്ടായില്ലെന്നും വിമര്‍ശനമുണ്ട്.

അതേസമയം ഇത്തരം വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്‍ട്രി കിട്ടിയ എല്ലാ മത്സരങ്ങളും നടത്തിയിട്ടുണ്ട്. കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് നേരിട്ട് അറിയിക്കണമായിരുന്നു. പഞ്ചായത്തിനു മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിച്ച രീതി ശരിയായില്ല. ഇത്തവണത്തെ നടത്തിപ്പില്‍ പിഴവുകളുണ്ടായിട്ടുണ്ടെങ്കില്‍ വരുംവര്‍ഷം കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.