വാട്സ്ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയില്‍ അപരിചിതരുടെ വീഡിയോ കോള്‍ അറ്റന്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കോഴിക്കോട് സിറ്റി പൊലീസ്
കോഴിക്കോട്: വാട്സ്ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയില്‍ അപരിചിതരുടെ വീഡിയോ കോള്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് സിറ്റി പൊലീസ്. ഇത്തവരം വീഡിയോകള്‍ അറ്റന്റ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്തെടുക്കാനും ഇത് ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും പൊലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്കുന്നു.
സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കരുതിയിരിക്കുക. സൈബര്‍ കുറ്റവാളികള്‍ നമുക്ക് ചുറ്റുമുണ്ട്. കുറ്റവാളികളുടെ കെണികളില്‍ വീഴാതിരിക്കാന്‍ കോഴിക്കോട് സിറ്റി പോലീസ് ദിനംപ്രതി നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയോടെ ഉള്‍ക്കൊള്ളുക.
അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്സ്വീകരിക്കുമ്പോള് സൂക്ഷിക്കുക
വാട്സ് ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ഏറിവരുകയാണ്. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക.
വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും ആവശ്യം. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു നല്‍കിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും.
ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം. സൂക്ഷിക്കുക.. അപരിചിതരുടെ വീഡിയോ കാളുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കുക.