കര്‍ഷകര്‍ക്ക് 2000 രൂപ ഈ മാസം അക്കൗണ്ടിലെത്തും; പി.എം കിസാന്‍ പതിമൂന്നാം ഗഡു ഉടന്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്


പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 13 ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കൃത്യമായ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി മാസം പതിമൂന്നാം ഗഡു അക്കൗണ്ടിലെത്തുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ടായിരം രൂപയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തുക.

ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കായിട്ടുള്ള സര്‍ക്കാരിന്റെ പദ്ധതികയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന.
ഒക്ടോബര്‍ 17നാണ് കര്‍ഷകര്‍ക്ക് പിഎം കിസാന്റെ 12-ാം ഗഡു നല്‍കിയത്. രണ്ടായിരം രൂപയുടെ മൂന്നു ഗഡുക്കളായി ആറായിരം രൂപയാണ് ഈ പദ്ധതി പ്രകാരം ഒരുവര്‍ഷം കര്‍ഷകര്‍ക്ക് ലഭിക്കുക. സര്‍ക്കാര്‍ നേരിട്ടാണ് കര്‍ഷകരുടെ ബാങ്കിലേക്ക് പണം നിക്ഷേപിക്കുന്നത്. 16,000 കോടി രൂപയാണ് പിഎം കിസാനിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നല്‍കിയത്.

യോഗ്യത: ഭൂവുടമകളായ സ്വന്തം പേരിലുള്ള ഭൂമിയില്‍ കൃഷി ചെയ്യുന്ന എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കേന്ദ്രത്തില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പ്രധാന മന്ത്രി കിസാന്‍ യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഹോം പേജില്‍ കാണുന്ന കര്‍ഷകര്‍ (ഫാര്‍മേര്‍സ്) തിരഞ്ഞെടുത്ത് നിങ്ങളുടെ അനുകൂല്യങ്ങളെ കുറിച്ച് വിവരങ്ങള്‍ അറിയാം.

പിഎം കിസാന്‍ സമ്മാന്‍ നിധി യോജന: എങ്ങനെ ഇ-കെവൈസി നടത്താം?

പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ.വൈ.സി നിര്‍ബന്ധമാണ്. ഒ.ടി.പിയില്‍ അധിഷ്ഠിതമായ ഇ.കെ.വൈ.സി പി.എം ികസാന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. അല്ലെങ്കില്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ബന്ധപ്പെടാം. സ്വന്തമായി ഇ.കെ.വൈ.സി നടത്താന്‍ ചെയ്യേണ്ടത്:

പിഎം കിസന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. തുടര്‍ന്ന് കര്‍ഷകരുടെ കോളത്തില്‍ കിസാന്‍ ഇ-കെവിസി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് നിങ്ങളുടെ ആധാറിന്റെ നമ്പര്‍ രേഖപ്പെടുത്തുക.

ശേഷം തെളിഞ്ഞ് വരുന്ന ക്യാപ്‌ച്ചെ നല്‍കിയിരിക്കുന്ന കോളത്തില്‍ കൃത്യമായി രേഖപ്പെടുത്തുക.

സേര്‍ച്ച് ബട്ടണില്‍ ക്‌സിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റേര്‍ഡ് ഫോണ്‍ നമ്പര്‍ നല്‍കുക.

ആ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. അത് രേഖപ്പെടുത്തി. സബ്മിറ്റ് ഫോര്‍ ഓഥറൈസേഷനില്‍ ക്ലിക്ക് ചെയ്യുക.

സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇ-കെവൈസി നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇ-കെവൈസി സമര്‍പ്പിച്ചില്ലെങ്കില്‍ സ്‌കീമിന്റെ ഗുണഫലങ്ങള്‍ ലഭിക്കില്ല. ബയോമെട്രിക് സംവിധാനത്തിലൂടെ ഇ-കെവൈസി നടത്തുകയാണെങ്കില്‍ 15 രൂപ ഈടാക്കുന്നതാണ്.

2019 മുതലാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സ്‌കീം അവതരിപ്പിച്ചത്. രാജ്യത്തെ നിര്‍ധനരായ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍-ജൂലൈ, ഓഗസ്റ്റ്- നവംബര്‍, ഡിസംബര്‍ മാര്‍ച്ച് മാസങ്ങളിലായിട്ടാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നത്.