കമന്റടിച്ചും കയ്യില്‍ കയറി പിടിച്ചും മൂന്ന് യുവാക്കള്‍, പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ആക്ഷന്‍; കോഴിക്കോട് ഉപദ്രവിക്കാനെത്തിയ മൂന്ന് യുവാക്കളെ ഇടിച്ച് ഓടിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് അഭിനന്ദന പ്രവാഹം


കോഴിക്കോട്: ‘അവളൊരു പെണ്ണല്ലേ, എന്തൊക്കെ അതിക്രമം ചെയ്താലും മിണ്ടാതെ അതെല്ലാം സഹിച്ചോളും;. നേഹയെ ഉപദ്രവിക്കാനെത്തിയ മൂന്ന് യുവാക്കളും കരുതിയത് ഇങ്ങനെയാണ്. എന്നാല്‍ അവര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യമാണ് പിന്നീട് നടന്നത്. ഒരുപക്ഷേ, ഇനി ഒരിക്കലും ഒരു പെണ്‍കുട്ടിക്ക് നേരെ അവരുടെ കൈ പൊങ്ങില്ല. അത്തരത്തിലുള്ള ‘സമ്മാന’മാണ് കിക്ക് ബോക്‌സിങ് താരം കൂടിയായ നേഹ അവര്‍ക്ക് കൊടുത്തത്.

കഴിഞ്ഞ ദിവസം കോഴിക്കോടാണ് സംഭവം നടന്നത്. പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് നേഹ. രാവിലെ എട്ട് മണിയോടെ ഗാന്ധി റോഡിലൂടെ നടന്ന് വരുമ്പോള്‍ റെയില്‍വേ ക്രോസിന് സമീപം നില്‍ക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് നേഹയെ ആക്രമിക്കാനെത്തിയത്.

ആദ്യം നേഹയോട് പ്രകോപനപരമായി സംസാരിച്ച യുവാക്കള്‍ പിന്നീട് കയ്യില്‍ കയറി പിടിക്കുകയും സ്‌കൂള്‍ ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു. കയ്യേറ്റ ശ്രമം ഉണ്ടായതോടെ നേഹയിലെ കിക്ക് ബോക്‌സര്‍ ഉണര്‍ന്നു. പിന്നെ അവിടെ അരങ്ങേറിയത് സിനിമയെ വെല്ലുന്ന ആക്ഷന്‍ രംഗമാണ്.

തന്റെ കയ്യില്‍ പിടിച്ചയാളുടെ മൂക്കിനിട്ടായിരുന്നു നേഹയുടെ ആദ്യത്തെ കിക്ക്. പിന്നെ മൂന്ന് പേരെയും ചറപറ ഇടിച്ച് നേഹ ഓടിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ അപ്രതീക്ഷിതമായ പ്രത്യാക്രമണത്തില്‍ വിരണ്ട് പോയ യുവാക്കള്‍ കിട്ടിയ അടിയും വാങ്ങി ഓടിപ്പോകുകയായിരുന്നു.

പിന്നീട് നേഹ തന്നെയാണ് രക്ഷിതാക്കളെയും അധ്യാപകരെയും വിവരം അറിയിച്ചത്. നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. തന്നെ അക്രമിക്കാനെത്തിയവരെ കൈകാര്യം ചെയ്ത് സ്വയം പ്രതിരോധിച്ച നേഹയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത്.

പാലത്ത് പുളിബസാര്‍ ഊട്ടുകുളത്തില്‍ ആശാരിക്കണ്ടിയില്‍ ബിജുവിന്റെയും ദിവ്യയുടെയും ഏകമകളാണ് നേഹ. രതീഷ് കെന്‍പോയുടെ കീഴില്‍ ഒരു വര്‍ഷമായി ഈ മിടുക്കി കിക്ക് ബോക്‌സിങ് പരിശീലിക്കുന്നുണ്ട്. ബോക്‌സിങ് പഠിക്കണമെന്ന കുട്ടിക്കാലത്തെ നേഹയുടെ ഇഷ്ടത്തിന് പൂര്‍ണ്ണ പിന്തുണയാണ് മാതാപിതാക്കള്‍ നല്‍കിയത്. അതിക്രമങ്ങളുണ്ടാകുമ്പോള്‍ പതറിപ്പോകാതെ ധീരമായി നേരിടണമെന്ന സന്ദേശം കൂടിയാണ് നേഹയുടെ അനുഭവം പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്.