വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം ഇന്ന്; ക്ലാസ് അടുത്ത മാസം ആരംഭിക്കും


കോഴിക്കോട്: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് നാല് മണി മുതൽ വിദ്യാർത്ഥികൾക്ക് ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.  https://school.hscap.kerala.gov.in/index.php/candidate_login/ എന്ന വെബ്സൈറ്റിലൂടെയാണ് ഫലം പരിശോധിക്കാൻ കഴിയുക.

ജൂൺ 15 ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റിന് മുൻപായി അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിനുള്ള അവസാന അവസരം കൂടിയാണിത്. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾക്കനുസൃതമായി സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് പരിഗണിച്ചിട്ടുള്ളത്.

കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ ട്രയൽ അലോട്ട്‌മെന്റ്  ഫലം പരിശോധിക്കേണ്ടത്. അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിലെയും ഹെൽപ്പ് ഡെസ്‌കുകളും സഹായകമാകും.

ജൂൺ 19 നാണ് ആദ്യ അലോട്ട്‌മെന്റ്. സംസ്ഥാനത്ത് 4,59,330 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. ആദ്യ അലോട്ട്‌മെന്റിൽ 3,75,000 പേർക്ക് പ്രവേശനം ലഭ്യമാകും. ജൂലൈ അഞ്ചിനാണ് ക്ലാസുകൾ ആരംഭിക്കുക.