കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; രോ​ഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്


കോഴിക്കോട്: ജില്ലയിൽ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി.

സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് നേരത്ത ഉണ്ടായിരിക്കുന്നത്. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേർക്കുമാണ് നിപ സ്ഥിരീകരിച്ചത്. പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

Related News- നിപ: ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ; ചങ്ങരോത്ത് പഞ്ചായത്തിലെ ഉൾപ്പെടെ 11 വാർഡുകൾകൂടി പട്ടികയിൽ

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്തിലെ 10,11,12,13 വാർഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകളും തിരുവള്ളൂരിലെ 7,8,9 വാർഡുകളും പുറമേരിയിലെ വാർഡ് നാലിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണ് പുതിയതായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ 9 പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളായി.

കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണമേർപ്പെടുത്തിയതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സെപ്തംബർ 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Summary: ONE MORE NIPHA CASE REPORTED IN Kozhikode