തിക്കോടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് പരിക്ക്


തിക്കോടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് യുവാവിന് പരിക്ക്. തിക്കോടിയില്‍ വച്ച് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശിയായ ഭഗവാന്‍ (29) എന്ന യുവാവിനാണ് പരിക്കേറ്റത്.

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ നിന്നാണ് ഭഗവാന്‍ വീണത്. ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്.

തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം. യുവാവ് ട്രാക്കിലേക്ക് വീണത് കണ്ട് ഓടിയെത്തിയ യുവാക്കള്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം.