സ്വയം തൊഴിലോ സംരഭങ്ങളോ ആരംഭിക്കാം; ഒരു ലക്ഷം മുതല്‍ 30 ലക്ഷം വരെ വായ്പയുമായി നോര്‍ക്ക- യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള, ചെയ്യേണ്ടത് എന്തെല്ലാം



കോഴിക്കോട്: മടങ്ങിവന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോണ്‍ മേള സംഘടിപ്പിക്കുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് പങ്കെടുക്കാം. ഫെബ്രുവരി ഒന്‍പത്, പത്ത് തീയതികളിലായി യൂണിയന്‍ എം.എസ്.എം.ഇ ഫസ്റ്റ് ബ്രാഞ്ച്, പാര്‍കോ കോംപ്ലക്‌സ്, കല്ലായി റോഡിലാണ് വായ്പാ മേള നടക്കുക.

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് പദ്ധതി.

താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www .norkaroots.org bnse NDPREM ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്പോര്‍ട്ട് കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡിയോ റേഷന്‍ കാര്‍ഡോ, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം അതതു വേദികളില്‍ രാവിലെ 10 മണിമുതല്‍ പങ്കെടുക്കാവുന്നതാണ് .

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന
നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതി പ്രകാരമാണ് ലോണ്‍ അനുവദിക്കുക. 15 ശതമാനം മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939 (ടോള്‍ ഫ്രീ), 0471-2770500 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.