വര്‍ണ്ണപ്പൊലിമയുടെ പട്ടുകുട ഉയര്‍ത്തി പയറ്റുവളപ്പില്‍ ശ്രീ ദേവിക്ഷേത്ര മഹോത്സവ താലപ്പൊലി; ഭക്തി സാന്ദ്രമായി ക്ഷേത്രാങ്കണം


കൊയിലാണ്ടി: വര്‍ണ്ണപ്പൊലിമയുടെ പട്ടുകുട ഉയര്‍ത്തി പയറ്റുവളപ്പില്‍ ശ്രീ ദേവിക്ഷേത്ര മഹോല്‍സവ താലപ്പൊലി ഭക്തി സാന്ദ്രമായി. ആയിരങ്ങള്‍ ഭഗവതിയുടെ അനുഗ്രഹം തേടി താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്തു.

താലപ്പൊലി ദിവസമായ ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാമന്ത്ര പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് പാല്‍ എഴുന്നള്ളിപ്പ്, ചന്തു പണിക്കരുടെ വസതിയില്‍ നിന്നും ആറാട്ട് കുട വരവ്, വൈകീട്ട് എള്ളു വീട്ടില്‍ കുമാരന്റെ വസതിയില്‍ നിന്നും ഇളനീര്‍ കുലവരവ്, കുട്ടിച്ചാത്തന്‍ തിറ, ദീപാരാധനക്ക് ശേഷം പ്രഗല്‍ഭ വാദ്യ വിദ്വാന്‍മാരായ പുരന്തരദാസ്, പി.വി.മണി, കേരളശ്ശേരി രാമന്‍ കുട്ടി ആശാന്‍, സുബ്രഹ്മണ്യ ആശാന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം മേളാസ്വാദാകരുടെ കാതിന് ഉത്സവമായി.

നാദസ്വരത്തോടെയും, നാന്ദകത്തോടെ താലപ്പൊലിയോടു കുടി ദേവീദേവന്‍മാരുടെ കൂട്ടി എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. ഭക്തജനങ്ങള്‍ താലപ്പൊലിയെ കൈകൂപ്പി ആത്മ നിര്‍വൃതിയടഞ്ഞു. നാന്ദകം വാളകം കൂടിയതോടെ ഭഗവതി തിറ, പള്ളിവേട്ടയും ഉണ്ടായി.

ഇന്ന് വൈകീട്ട് കുളിച്ചാറാട്ട് ചെറിയമങ്ങാട് കടല്‍ തീരത്ത് എത്തി കര്‍മ്മങ്ങള്‍ക്ക് ശേഷം ക്ഷേത്രസന്നിധിയില്‍ തിരിച്ചെത്തും. കലാമണ്ഡലം ശിവദാസന്‍ മാരാര്‍, വെളിയന്നൂര്‍ സത്യന്‍ മാരാര്‍, സദനം രാജേഷ്, സദനം സുരേഷ്, കലാമണ്ഡലം സനൂപ്, കല്ലൂര്‍ ശബരി, വട്ടേക്കാട്ട് കനകന്‍, കാഞ്ഞിലശ്ശേരി അരവിന്ദന്‍, കൊരയങ്ങാട് ഷാജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തോടെ ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 12.30ന് വലിയ ഗുരുതി തര്‍പ്പണത്തിനു ശേഷം ഉത്സവം കൊടിയിറങ്ങും.