നാല് പേർ ചേർന്ന് തടഞ്ഞു നിർത്തി, യാത്രക്കാരെ വലിച്ചിറക്കാൻ ശ്രമിച്ചു; കോഴിക്കോട് സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം


കോഴിക്കോട് : കോഴിക്കോടിലെ മടവൂരിൽ സ്വകാര്യ ബസ്സിന്‌ നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമമെന്ന് ആരോപണം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് പോകാൻ ഓട്ടോ ഡ്രൈവർമാർ ശ്രമിച്ചെന്നാണ് പരാതി.

കൊടുവള്ളിയിൽ നിന്ന് മഖാമിലേക്ക് സർവീസ് നടത്തുന്ന ബസ്സിന്‌ നേരെയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സംഭവത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനു മുമ്പും ഇതേ ബസ്സിന്‌ നേരെ ഓട്ടോ റിക്ഷാ ഡ്രൈവർമാരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഓട്ടോറിക്ഷകളുടെ സമാന്തര സർവീസ് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയോടെ നാല് പേർ ചേർന്ന് ബസ് തടഞ്ഞിടുകയും, യാത്രക്കാരെ വലിച്ചിറക്കാൻ ശ്രമിച്ചെന്നുമാണ് ജീവനക്കാരുടെ പരാതി. പ്രതികരിച്ച വനിതാ യാത്രക്കാരുടെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും ബസ് ജീവനക്കാർ പറയുന്നു.