ആശ്രയമായിരുന്ന പയ്യോളിയിലെ പമ്പില്‍ ഇന്ധനമില്ലാതായിട്ട് അന്‍പത് ദിവസം; വാഹനം നിരത്തിലിറക്കാന്‍ കഴിയാതെ എല്‍.പി.ജി ഓട്ടോ തൊഴിലാളികള്‍ ദുരിതത്തില്‍
പയ്യോളി: ഏക ആശ്രയമായിരുന്ന പയ്യോളിയിലെ പമ്പില്‍ ഇന്ധനമില്ലാതായതോടെ പ്രതിസന്ധിയിലായത് എല്‍.പി.ജി ഓട്ടോ തൊഴിലാളികളുടെ ജീവിതം. കഴിഞ്ഞ 50 ദിവസമായി ഇന്ധനം ലഭിക്കാത്തത് കാരണം ഓട്ടോകളെല്ലാം നിര്‍ത്തിയിട്ടിരിക്കുകയാണ്.
മേഖലയിലെ ഏക എല്‍.പി.ജി റീഫില്ലിങ് കേന്ദ്രമായിരുന്നു പയ്യോളിയിലെ പമ്പ്. ഇവിടെ ശുചിമുറി നിര്‍മിച്ചതുമായി ബന്ധപ്പെട്ട് സുരക്ഷാ കാരണം പറഞ്ഞാണ് ഇവരുടെ ലൈസന്‍സ് പുതുക്കാതിരുന്നത്. എന്നാല്‍, ശുചിമുറി പൊളിച്ചുമാറ്റി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഗ്യാസ് നിറക്കുന്നില്ലെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. പയ്യോളി കഴിഞ്ഞാല്‍ കോഴിക്കോട് മാത്രമാണ് എല്‍.പി.ജി പമ്പുള്ളത്.
ഓട്ടോ ഓടാതായതോടെ വാഹനത്തിന്റെ വായ്പ മുടങ്ങിയ സ്ഥിതിയാണ് പലരുടെയും. വിഷയം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കൊച്ചി ഡയറക്ടര്‍, മാനേജര്‍, ജില്ല കലക്ടര്‍ എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഉടന്‍ പുന:സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.