ബ്യൂട്ടീഷ്യനായ യുവതിയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവം: വടകര സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി


കൊല്ലം: ഏറെ കോളിളക്കമുണ്ടാക്കിയ ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസില്‍ വടകര സ്വദേശിക്ക് ജീവപര്യന്തം. പ്രതി പ്രശാന്ത് നമ്പ്യാർക്ക് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 302-ാം വകുപ്പുപ്രകാരം ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജഡ്ജി റോയ് വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്.

കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടതായാണ് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാർക്കെതിരെയുളള കേസ്. 2020 മാർച്ച് 20 നായിരുന്നു കേസിനാസ്പദമായ സംഭവം.

കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററിൽ ബ്യൂട്ടീഷൻ ട്രെയിനർ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകൾ സുചിത്രയെ കുറച്ചു ദിവസങ്ങളായി കാണാനില്ലന്ന് കാണിച്ച് അമ്മ വിജയലക്ഷ്മി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ അടിസ്ഥാനത്തില്‍ നടന്ന വിശദമായ അന്വേഷണത്തിലാണ് സമീപകാലത്ത് കേരളം കണ്ട അരും കൊലയുടെ ചുരുള്‍ നിവര്‍ന്നത്.

2020 മാര്‍ച്ച് 17-ന് കോലഞ്ചേരിയില്‍ ഒരു പരിശീലനത്തിനു പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ യുവതി മാര്‍ച്ച് 20-നാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. 22-ന് തിരികെവരുമെന്ന് പറഞ്ഞ യുവതിയെ കാണാതാവുകയായിരുന്നു.

സുചിത്രയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച സൈബർസെൽ, വടകര സ്വദേശിയായ പ്രശാന്ത് എന്ന ഒരു കീ ബോര്‍ഡ് അധ്യാപകനുമായി കഴിഞ്ഞ ഒരു വർഷത്തോളമായി സുചിത്ര പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളതായും  ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍  സുചിത്രയുടെ അക്കൗണ്ടിൽ നിന്ന് പ്രശാന്തിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യപ്പെട്ടതായും പൊലീസ് മനസിലാക്കി. ഇതോടെയാണ് കേസ് അന്വേഷണം പൂര്‍ണമായും പ്രശാന്തിലേക്ക് എത്തുന്നത്.

പ്രതി പ്രശാന്ത് നമ്പ്യാരുടെ ഭാര്യ മരിച്ച യുവതിയുടെ ബന്ധുവാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഫോണിലൂടെ ബന്ധപ്പെട്ട് പ്രതി യുവതിയില്‍നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായും വിവാഹമോചിതയായ യുവതി പ്രതിയില്‍നിന്ന് കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞുവേണമെന്ന സുചിത്രയുടെ ആവശ്യം തന്റെ  കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയ പ്രതി  തന്ത്രപൂര്‍വം യുവതിയെ പാലക്കാട് മണലി ശ്രീരാം നഗറിലുള്ള തന്റെ വിഘ്‌നേശ് ഭവൻ’ എന്നുപേരായ വാടകവീട്ടിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ പാലക്കാട് മണലിയിലാണ് യുവതിയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രതിയുടെ മൊഴിപ്രകാരം വാടകവീടിനോടു ചേര്‍ന്ന ചതുപ്പുനിലത്തില്‍ കുഴിച്ചിട്ട യുവതിയുടെ മൃതദേഹവും സ്വര്‍ണാഭരണങ്ങളും മേക്കപ്പ് സാധനങ്ങളും മറ്റും പൊലീസ് കണ്ടെടുത്തു.