നിപ: സമ്പർക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും, അയൽ ജില്ലകളിലും ജാഗ്രതാ നിർദേശം


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് സമീപ ജില്ലകളിലുള്ള ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മാസ്‌ക് ധരിക്കണമെന്നും ആകുലപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ചവർ എത്തിയ തീയതി, സമയം എന്നിവയെല്ലാം സി.സി.ടി.വി. കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സാംപിൾ പരിശോധനാഫലം ലഭിച്ചതോടെയാണ് ജില്ലയിൽ നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 9 വയസുകാരൻ, മാതൃസഹോദരൻ 25 വയസുകാരൻ, ഇന്നലെ മരണമടഞ്ഞ 40 വയസുകാരൻ എന്നിവർക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആദ്യം മരണമടഞ്ഞ 47 വയസുകാരനും നിപ പോസിറ്റീവാണെന്ന് അനുമാനിക്കുന്നതായി മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണൽ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.

നിലവിൽ 7 പേരാണ് ചികിത്സയിലുള്ളത്. മരിച്ച രണ്ട് പേരുടെ സമ്പർക്കപ്പട്ടികയിൽ 168 പേരുണ്ട്. ആദ്യം മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 158 പേരാണ് ഉള്ളത്. ഇതിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. ബാക്കി 31 പേർ വീട്ടിലും പരിസരത്തും ഉള്ളവരാണ്. രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്ന് കേന്ദ്രസംഘങ്ങൾ നാളെ സംസ്ഥാനത്ത് എത്തും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് മൊബൈൽ ലാബും സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൺട്രോൾ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും. നിപ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ളവരെ കണ്ടെത്താൻ ഇവർ ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും. നിപ ബാധിതരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും.

വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച് സർവേ നടത്തും. ഇതുസംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ആരോഗ്യവകുപ്പും സർക്കാരും നൽകും. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ആളുകളിൽ പരിഭ്രാന്തി ഉണ്ടാവുന്ന തരത്തിലുള്ള വാർത്തകൾ യാതൊരു കാരണവശാലും നൽകരുത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. നിപ ബാധിത പ്രദേശങ്ങളിൽ എംഎൽഎമാരുടെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു.

യോഗത്തിൽ എംഎൽഎമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഇ.കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി.മുഹമ്മദ് റഫീഖ്, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, സിറ്റി ഡി സി പി കെ. ഇ ബൈജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Summary: Nipah: Those on contact list will be classified as high risk, low risk, alert in neighboring districts