ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും മന്തി കഴിച്ചു, പിന്നാലെ ഛര്‍ദി; മുക്കത്ത് ഒമ്പതുവയസുകാരി മരിച്ചു, പരാതിയുമായി ബന്ധുക്കള്‍


മുക്കം: ഛര്‍ദി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതുവയസുകാരി മരിച്ചു. കുന്ദമംഗലം എന്‍.ഐ.ടി. ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന്‍ സിങ്ങിന്റെ മകള്‍ ഖ്യാതി സിങ് (9) ആണ് മരിച്ചത്. കുട്ടി കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു.

കട്ടാങ്ങലിലെ ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഡിസംബര്‍ പതിനേഴിന് കുട്ടിയും രക്ഷിതാക്കളും മന്തി കഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഛര്‍ദി തുടങ്ങിയതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

കുട്ടിയുടെ ശരീരത്തില്‍ വിഷാംശം എത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തും.

നാലുമാസം മുമ്പാണ് ജെയിന്‍ സിങ് എന്‍.ഐ.ടി.യില്‍ ജീവനക്കാരനായി എത്തുന്നത്. ക്വാര്‍ട്ടേഴ്സ് കിട്ടാത്തതിനെത്തുടര്‍ന്ന് അദ്ദേഹവും കുടുംബവും വാടകവീട്ടിലാണ് താമസം.