മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭീമന്‍ ട്രെയിലറുകള്‍ ചുരം കയറുന്നു: താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം



വടകര:
രണ്ട് മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ട ഭീമന്‍ ട്രെയിലറുകള്‍ കടത്തിവിടാന്‍ കോഴിക്കോട് ജില്ല ഭരണകൂടത്തിന്റെ അനുമതി. ചുരത്തിലൂടെ കടത്തിവിട്ടാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന ആശങ്കയില്‍ രണ്ട് ട്രെയിലറുകളെയാണ് അടിവാരത്ത് തടഞ്ഞുവച്ചിരുന്നത്. ആംബുലന്‍സ് ഒഴിച്ചുള്ള വാഹനങ്ങളുടെ ഓട്ടം നിര്‍ത്തിവച്ചാകും ട്രെയിലറുകള്‍ ചുരത്തിലൂടെ കടത്തി വിടുക.

ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട രേഖകള്‍ ചരക്കുനീക്കത്തിന് കരാറെടുത്ത അണ്ണാമലൈ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഹാജരാക്കിയിരുന്നു. കൂടാതെ താമരശ്ശേരി ഡിവൈഎസ്പിയും ജില്ല ദുരന്ത നിവാരണ വിഭാഗവും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശപ്രകാരമുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചതിന് ശേഷം വ്യാഴാഴ്ച രാത്രി 11 മണിക്ക് ട്രെയിലറുകള്‍ക്ക് ചുരം കയറും.

ചുരംകയറുമ്പോള്‍ വിവിധ വകുപ്പുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടമുണ്ടാവുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റും ജില്ലാ ഭരണകൂടം ഈടാക്കിയിട്ടുണ്ട്. കൂടാതെ ഗതാഗത മന്ത്രാലയത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും സാക്ഷ്യപത്രവും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.

നെസ്ലെ കമ്പനിക്കു പാല്‍പൊടിയും മറ്റും നിര്‍മിക്കാന്‍ കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റന്‍ യന്ത്രങ്ങളുമായി കര്‍ണാടകത്തിലെ നഞ്ചന്‍കോട്ടേക്കു പുറപ്പെട്ടതാണ് ട്രെയിലറുകള്‍. സെപ്റ്റംബര്‍ പത്തിനാണ് ഇവ അടിവാരത്ത് തടഞ്ഞിട്ടത്.