”പാശ്ചാത്യരാജ്യങ്ങളില്‍ ഇതുപോലുള്ള വീഡിയോ കണ്ടപ്പോള്‍ ഒന്ന് അനുകരിച്ച് നോക്കിയതാണ്, ഷൂട്ട് ചെയ്തത് മൊബൈലിലും, ഇത്ര ഹിറ്റാകുമെന്ന് വിചാരിച്ചില്ല”; കൊയിലാണ്ടിയിലെ ‘കുളിസീന്‍’ വീഡിയോ പിറവിയെടുത്ത കഥപറയുകയാണ് പ്രശാന്ത് ചില്ല


കൊയിലാണ്ടി: ‘കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ഉച്ചച്ചൂടില്‍ നിന്ന് രക്ഷയ്ക്കായി തലയിലൂടെ വെള്ളമൊഴിച്ചു കൊടുക്കുക’ റീല്‍സിലൂടെ വൈറലായ ഈ ദൃശ്യങ്ങള്‍ക്ക് പിന്നിലുള്ള കഥപറയുകയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ ക്യു.എഫ്.എഫ്.കെ കൂട്ടായ്മ അംഗം പ്രശാന്ത് ചില്ല.

പാശ്ചാത്യരാജ്യങ്ങളില്‍ പല സ്ഥലത്തും ചൂടുമായി ബന്ധപ്പെട്ട് ഈ രീതിയിലുള്ള വീഡിയോകള്‍ റീല്‍സ് രൂപത്തില്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഏറെ വൈറലായ കൊയിലാണ്ടി സ്റ്റാന്റിലെ കുളിസീന്‍ വീഡിയോ ചെയ്തതെന്നാണ് പ്രശാന്ത് പറയുന്നത്. ഒരു റീല്‍സ് ചിത്രീകരിക്കുന്നതിന്റെ പ്രതീതിയൊന്നുമുണ്ടായിരുന്നില്ല ഷൂട്ടിങ് ദിവസം. മൊബൈല്‍ ക്യാമറകളിലായിരുന്നു ഷൂട്ടിങ്. എസ് 23 അള്‍ട്രയായിരുന്നു പ്രധാന ക്യാമറ. ആള്‍ക്കാരുടെ റിയാക്ഷനും മറ്റും ലഭിക്കാന്‍ മറ്റുചില ഫോണ്‍ ക്യാമറകളും ഉപയോഗിച്ചെന്ന് പ്രശാന്ത് പറയുന്നു.

ഏറെ സ്വാഭാവികമായാണ് ആളുകള്‍ ചിത്രീകരണ സമയത്ത് പ്രതികരിച്ചത്. പലര്‍ക്കും ഷൂട്ടിങ് ആണെന്ന് മനസിലായില്ല. ‘ഇത് ചൂടുവെള്ളമാണോ, പച്ചവെള്ളമാണോ? പൈസ വാങ്ങി ഇങ്ങനെ ചെയ്യുന്നത് ശരിയാണോ’ എന്നൊക്കെ ചിലര്‍വന്ന് ചോദിച്ചു. ഒരാള്‍ അപ്രതീക്ഷിതമായി വന്ന് വെള്ളം തലയില്‍ ഒഴിക്കാന്‍ തയ്യാറായത് റീല്‍സിനെ കൂടുതല്‍ സ്വാഭാവികമാക്കിയെന്നും പ്രശാന്ത് പറയുന്നു.

കൊടും ചൂടില്‍ ഇത്തരമൊരു റീല്‍സ് ചിത്രീകരിച്ച സമയത്തുണ്ടായ അനുഭവങ്ങളില്‍ നിന്നും ഒരു നിര്‍ദേശം പ്രശാന്ത് മുന്നോട്ടുവെക്കുന്നുണ്ട്. കുളിക്കാന്‍ അല്ലെങ്കിലും കുടിക്കാന്‍ കുറച്ചു ജലം കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്തുണ്ടാവണമെന്നത്. വീഡിയോ ചിത്രീകരണത്തിനിടെ പലരും വന്ന് ചോദിച്ചത് കുടിവെള്ളമാണോയെന്നാണ്. നഗരസഭയ്ക്ക് ഇത് ഏറ്റെടുത്ത് നടത്താവുന്നതാണ്. ശുദ്ധമായ ജലം ഇത്തരം അവസരങ്ങളില്‍ ഇവിടെ ലഭ്യമാക്കുന്നത് സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ക്ക് ഗുണമാകുമെന്നും പ്രശാന്ത് പറഞ്ഞു.

പ്രശാന്ത് ചില്ലയ്ക്ക് പുറമേ ഷിജിത് മണവാളന്‍, ആന്‍സന്‍ ജേക്കബ്, രഞ്ജിത് നിഹാര, മകേശന്‍ നടേരി, വിഷ്ണു എന്നിവരാണ് റീല്‍സില്‍ അഭിനയിച്ചത്. ആന്‍സണ്‍ ജേക്കബിന്റെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച റീല്‍സ് ക്യാമറ ചെയ്തത് ജിത്തു കാലിക്കറ്റാണ്.