ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതോടെ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നു പ്രതീക്ഷിച്ചു, അപസ്മാരമുണ്ടായതോടെ നിലഗുരുതരമായി; നന്തി സ്വദേശി സുധീഷിന്റെ വിയോഗം വാഹനാപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് ഭേദപ്പെടുന്നതിനിടെ


നന്തി ബസാര്‍: വിഷുദിനമുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഏറെ നാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു നന്തി മുസ്‌ലിയാരികണ്ടി സുധീഷ് (40). മൂന്നാല് ദിവസം മുമ്പേ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വന്നതോടെ സുധീഷ് ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന പ്രതീക്ഷതായിരുന്നു കുടുംബം. നടക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇന്നലെയാണ് നില വഷളായത്.

ഇന്നലെ രാവിലെ രക്തസമ്മര്‍ദ്ദം കൂടുകയും അപസ്മാരം വരികയുമായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു.

ഏപ്രില്‍ പതിനഞ്ചിന് രാത്രി മൂടാടിക്കും പാലക്കുളത്തിനും ഇടയില്‍ ബൈക്കില്‍ ബസിടിച്ചായിരുന്നു അപകടം. ചെങ്ങോട്ടുകാവിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു സുധീഷ്. സംസ്‌കാരം ഇന്ന് രാത്രി ഒരു മണിക്ക് നടക്കും.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുധീഷ് കോവിഡ് കാലത്ത് നാട്ടിലെത്തിയശേഷം തിരികെ പോയിരുന്നില്ല. നാട്ടില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു.

അമ്മ: ജാനു. അച്ഛന്‍: പരേതനായ കണാരന്‍. ഭാര്യ: പരേതയായ ഷിലിന. സഹോദരി: സുധ.


Related News: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്തി സ്വദേശിയായ യുവാവ് മരിച്ചു