കുടുംബശ്രീ സംരംഭക ഉൽപ്പന്നങ്ങളുടെ വിപണനമേളയും വിവിധങ്ങളായ കലാപരിപാടികളും; നാഗരികം 2023 ഇന്ന് മുതല്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍


കൊയിലാണ്ടി: നഗരസഭയുടെ ഓണാഘോഷപരിപാടികള്‍ ഇന്ന് മുതല്‍ ഓഗസ്റ്റ് 27 വരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കും. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ ഇനമാണ്. കുടുംബശ്രീ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വില്പനയ്ക്ക് പുറമേ സര്‍ക്കാര്‍ സഹകരണ സംഘങ്ങളുടെയും കമ്പനികളുടെയും പങ്കാളിത്തവും ഉണ്ടായിരിക്കും.

വിവിധ ദിവസങ്ങളായി കലാസാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. വൈകുന്നേരം 5 മണി മുതലാണ് കലാസാംസ്‌കാരിക സദസുകള്‍ നടക്കുക. വിപണന മേളയും ആഘോഷ പരിപാടികളും കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

20ന് കണ്ണൂര്‍ മയ്യില്‍ അധീനയുടെ നാട്ടുമൊഴി – നാടന്‍ കലാമേള, 21ന് കുടുംബശ്രീ അംഗങ്ങള്‍ ഒരുക്കുന്ന രചത നൂപുരം – കലാപരിപാടികള്‍, 25ന് അസര്‍മുല്ല – മാപ്പിള കലകളുടെ രംഗവിഷ്‌കാരം, 23ന് മധുരിക്കും ഓര്‍മ്മകളെ പഴയകാല നാടക, ഗസല്‍, സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടി. 24ന് എം.ടി. ഫിലിം ഫെസ്റ്റിവല്‍ രാവിലെ മുതല്‍ വിവിധ എം.ടി. സിനിമകളുടെ പ്രദര്‍ശനം, 25ന് സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ നാടകം -മൂക്കുത്തി.

26ന് പെണ്ണകം – ദേശീയതലത്തില്‍ അംഗീകാരം ലഭിച്ച ബഹുഭാഷാ ഗീതങ്ങളുടെ അവതരണം. 27-ന് സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. സിനിമ പിന്നണി ഗായിക മൃദുല വാര്യര്‍ മുഖ്യാതിഥിയാവും. പത്രസമ്മേളനത്തില്‍ നഗരസഭാ അധ്യക്ഷ സുധാ കിഴക്കേപ്പാട്ടില്‍, ഉപാധ്യക്ഷന്‍ കെ.സത്യന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ഷിജു, ഇ.കെ.അജിത്ത് പ്രതിപക്ഷ നേതാവ്, പി.രത്‌നവല്ലി, ശശി കോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.