കൊയിലാണ്ടിയില്‍ ലോറിയിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവം; ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ റീജിയണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കേളോത്ത് സുരേഷ് ബാബു മരണപ്പെട്ടു


നടുവണ്ണൂര്‍: കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കേളോത്ത് സുരേഷ് ബാബു മരണപ്പെട്ടു. അന്‍പത്തിയെട്ട് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

നടുവണ്ണൂര്‍ റീജിയണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായിരുന്നു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പറായിരുന്നു.

ലോറിയില്‍ ഇടിച്ച് സുരേഷ് ബാബു സഞ്ചരിച്ച ബൈക്ക് മറിഞ്ഞായിരുന്നു അപകടം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപത്തുവെച്ചായിരുന്നു അപകടം. ലോറിയുടെ ടയര്‍ കയറി ഇറങ്ങി അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അച്ഛന്‍: പരേതനായ കേളോത്ത് വാസുണ്ണി നായര്‍. അമ്മ: പരേതയായ മീനാക്ഷിയമ്മ. ഭാര്യ: ബീന (വാകയാട് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക). മക്കള്‍: നന്ദന (അബുദാബി), അനന്തജിത്ത് (വിദ്യാര്‍ഥി). സഹോദരന്‍: ശാരദ ബാലന്‍, വത്സല മാധവന്‍, ദേവി ദാമോദരന്‍, വസുമതി സദാനന്ദന്‍, നന്ദിനി രാജന്‍.