‘25,000 രൂപ ധനസഹായം നൽകി, റേഷൻ കാർഡ് ബി.പി.എൽ ആക്കി, എന്നിട്ടും മുഖ്യമന്ത്രിക്ക് മതിയായില്ല’; ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടി നൽകിയ കരുതൽ ഓർത്ത് നടുവണ്ണൂർ സ്വദേശി സുവർണ്ണൻ നായർ
കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് കേരളം. മുഖ്യമന്ത്രി എന്ന നിലയിലും എം.എൽ.എ എന്ന നിലയിലുമെല്ലാം ഉമ്മൻ ചാണ്ടി തങ്ങൾക്കായി ചെയ്തു തന്ന കാര്യങ്ങൾ ഓർക്കുകയാണ് കേരളത്തിലുടനീളമുള്ള നിരവധി പേർ.
അത്തരത്തിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് ലഭിച്ച കരുതലും സഹായവും ഓർത്തെടുക്കുകയാണ് നടുവണ്ണൂർ കരുമ്പാ പൊയിൽ സ്വദേശി സുവർണ്ണൻ നായർ. ദുരിത ജീവിതത്തിന് ആശ്വാസമായത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയാണ്.
കിടപ്പുരോഗിയാണ് സുവർണ്ണൻ നായർ. 2011 നവംബർ 25 ന് വയനാട് ജില്ലയിലെ കൽപ്പറ്റ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജനസമ്പർക്ക പരിപാടിയിലേക്കാണ് അദ്ദേഹം പോയത്. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസിലാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് എത്തിയത്. രണ്ട് സഹോദരന്മാർക്കും അളിയനും ഡ്രൈവർ ഒറവിൽ പുത്ര മണ്ണിൽ സുധിയ്ക്കും ഒപ്പമാണ് താൻ ജനസമ്പർക്ക പരിപാടിക്ക് പോയതെന്ന് സുവർണ്ണൻ നായർ ഓർക്കുന്നു.
സുവർണ്ണൻ നായരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട് മനസിലാക്കിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തിന് ആവശ്യപ്പെട്ടതിലുമേറെയാണ് നൽകിയത്. ധനസഹായമായി 25,000 രൂപയുടെ ചെക്കാണ് അന്ന് മുഖ്യമന്ത്രി നൽകിയത്. കൂടാതെ എ.പി.എൽ റേഷൻ കാർഡ് ബി.പി.എൽ ആക്കി മാറ്റാനുള്ള നടപടി അവിടെ വച്ച് തന്നെ സ്വീകരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥനോട് അദ്ദേഹം നിർദ്ദേശിച്ചു.
പക്ഷേ സുവർണ്ണൻ നായരുടെ പ്രശന്ങ്ങളറിഞ്ഞ ഉമ്മൻ ചാണ്ടിക്ക് അത് പോരാ എന്നാണ് തോന്നിയത്. ജീവിതം സുരക്ഷിതമായിരിക്കാനായി അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു ജോലി കൂടി നൽകണമെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി തീരുമാനിച്ചു. നടുവണ്ണൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സുവർണ്ണൻ നായരുടെ ഭാര്യയ്ക്ക് ജോലി നൽകാനുള്ള ഉത്തരവും അവിടെ വച്ച് തന്നെ അദ്ദേഹം നൽകി.
തന്റെ മുമ്പിൽ സഹായത്തിനായി വരുന്ന ഏതൊരാൾക്കും താങ്ങും തണലുമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറെന്ന് സുവർണ്ണൻ നായർ ഓർക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അവസരോചിതമായ ഇടപെടലുകളാണ് തന്നെ തളർത്താതിരുന്നതെന്നും വികാരാധീനനായി അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ വാട്ട്സ്ആപ്പിലൂടെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.