കനത്ത പോരാട്ടത്തിൽ മിന്നുന്ന വിജയം, 28 ൽ 25 വോട്ടും നേടി; എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ പ്രഥമ യൂണിയൻ ചെയർപേഴ്സനായി നടുവണ്ണൂർ സ്വദേശിനി അനശ്വര
നടുവണ്ണൂർ: വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ മികച്ച വിജയം നേടി എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല പ്രഥമ യൂണിവേഴ്സിറ്റി യൂണിയന്റെ ചെയര്‍പേഴ്സണ്‍ ആയി നടുവണ്ണൂർ സ്വദേശിനി. അനശ്വര എസ് സുനില്‍ ആണ് വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്.
സര്‍വകലാശാല ആസ്ഥാനത്ത് വച്ച് ഇന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ച സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ കൗണ്‍സിലിലേക്ക് വിവിധ കോളേജുകളിൽ നിന്നായി 42 പേരെയാണ് തിരഞ്ഞെടുത്തത്.
വയനാട് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ് നടുവണ്ണൂര്‍ സ്വദേശിനിയായ അനശ്വര. നാല്പത്തിരണ്ടു പേരിൽ 28 പേര്‍ ആണ് ചെയർപേഴ്സൺ സ്ഥാനത്തിന് വോട്ടു രേഖപ്പെടുത്തിയത്. ഇതില്‍ 25 വോട്ടുകൾ നേടി അനശ്വര വമ്പൻ വിജയം കൊയ്യുകയായിരുന്നു.
ജനറല്‍ സെക്രട്ടറിയായി തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ അഞ്ജന കെ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാലാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജന.
വൈസ് ചെയര്‍മാന്‍മാരായി പാലക്കാട് എന്‍ എസ് എസ് എന്‍ജിനീയറിംഗ് കോളേജിലെ ആര്യ വിജയന്‍ എം ടി, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എബി ജോ ജോസ്, തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ ആല്‍ബിന്‍ പി.കെ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുപേരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ജോയിന്റ് സെക്രെട്ടറിമാരായി ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനീയറിംഗ് കോളേജിലെ വൈശാഖ് എസ്, തലശ്ശേരി എന്‍ജിനീയറിംഗ് കോളേജിലെ രാഹുല്‍ വി, കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജിലെ ആര്‍ദ്ര ആര്‍ കുമാര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.