ടെസ്റ്റ് മത്സരത്തിൽ ഏകദിന ശൈലിയിൽ അടിച്ചു പറപ്പിച്ചു, രഞ്ജി ട്രോഫിയിലെ പോലെ ദുലീപ് ട്രോഫിയിലും റൺമഴ പെയ്തു; ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം എഴുതാനൊരുങ്ങുന്ന കൊയിലാണ്ടിക്കാരുടെ ഹീറോ രോഹൻ കുന്നുമ്മൽ ദുലീപ് ട്രോഫിയിലും താരമായപ്പോൾ


 

വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: അടികൾ പലവിധമാണ്. പറത്തിയുള്ള അടി, സിക്സറടി, നാലു റൺസിനായുള്ള അടി, വിജയത്തിനായുള്ള അടി, പിന്നെ തോൽപ്പിക്കണമെന്ന വാശിയോടെ എതിരെ വരുന്ന പന്തിനെ പറപ്പിക്കുന്ന അടി. ദുലീപ് ട്രോഫി ടൂർണമെന്റിൽ രാജ്യം സാക്ഷ്യം വഹിച്ചത് കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിനായിരുന്നു.

ദക്ഷിണ മേഖലയെ പ്രതിനിധികരിക്കുന്ന രോഹൻ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിനോടൊപ്പം പുതിയ റെക്കോർഡും സൃഷ്ടിച്ച് ക്രിക്കറ്റ് പ്രേമികളിൽ പ്രത്യേക ശ്രദ്ധ നേടി എടുത്തു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ നോർത്ത് സോണിനെതിരായ ദുലീപ് ട്രോഫി സെമിയിൽ 225 പന്തിൽ 143 റൺസ് നേടിയാണ് രോഹൻ കുന്നുമ്മൽ ചരിത്രം കുറിച്ചത്. ദുലീപ് ട്രോഫിയിൽ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ കേരള താരമായി ഈ കൊയിലാണ്ടിക്കാരൻ.

സിക്സടിച്ചാണ് രോഹന്‍ സെഞ്ചുറിയിലേക്ക് ചുവടു വെച്ചത്. 2002-03 സീസണിൽ എലൈറ്റ് ഗ്രൂപ്പ് ബിയ്‌ക്കെതിരെ പ്ലേറ്റ് ഗ്രൂപ്പ് ബിയിൽ കളിക്കുമ്പോൾ ശ്രീകുമാർ നായർ നേടിയ 95 റൺസ് ആയിരുന്നു ഇതിനു മുൻപ് മലയാളി താരത്തിന്റെ മികച്ച പ്രകടനം.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹൻ രഞ്ജി ട്രോഫി പോലെ സേലത്തും റൺ മഴ പെയ്യിച്ചു. നോര്‍ത്ത് സോണിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ രോഹന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 72 പന്തിൽ 77 റണ്‍സ് നേടി. രണ്ട് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും അകമ്പടിയോടെയാണ് ഈ വലം കയ്യൻ ബാറ്റ്സ്മാൻ റണ്ണുകൾ നേടിയത്.

ആദ്യ ഇന്നിംഗ്‌സില്‍ സൗത്ത് സോണ്‍ രോഹന്‍ (143), ഹനുമ വിഹാരി (134), റിക്കി ബുയി (103) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 630 എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണ്‍ 207ന് തകര്‍ന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്‌സില്‍ 225 പന്തിലാണ് രോഹന്‍ 143 റണ്‍സ് നേടിയത്. നവ്ദീപ് സൈനിയുടെ പന്തില്‍ താരം ബൗള്‍ഡായി.

ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നാലാം തവണയാണെങ്കിലും ദുലീപ് ട്രോഫിയില്‍ രോഹന്റെ കന്നി പ്രകടനമാണ്. 16 ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. രഞ്ജി ട്രോഫിയിലും സമാനമായ തരത്തിൽ മികച്ച ഫോമിലായിരുന്നു രോഹന്റെ പ്രകടനം. രഞ്ജിയിൽ തുടരെ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ കേരള താരമെന്ന റെക്കോർഡും യുവാവ് സ്വന്തമാക്കിയിരുന്നു. സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി ഏറ്റവുമധികം റൺസ് നേടിയ താരവും രോഹൻ തന്നെയായിരുന്നു.

645 റൺസിന്റെ വമ്പിച്ച വിജയവുമായാണ് ദക്ഷിണ മേഖല ഫൈനലിൽ കയറിയത്. 740 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഉത്തര മേഖല 94 റൺസിന് ഓൾഔട്ടായി. ഒൻപത് കളിക്കാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ബുധനാഴ്ച നടക്കുന്ന ദുലീപ് ട്രോഫി ഫൈനലിൽ ദക്ഷിണ മേഖലയെ കാത്തിരിക്കുന്നത് പശ്ചിമ മേഖലയുമായുള്ള മത്സരമാണ്.

ക്രിക്കറ്റ് താരം ആവുക എന്ന തന്റെ നടക്കാതെപോയ സ്വപ്നം തന്റെ മകനിലൂടെ യാഥാർഥ്യമാകണം എന്ന ഒരച്ഛന്റെ ആഗ്രഹവും പ്രയത്നവുമാണ് രോഹൻ എന്ന മികച്ച ക്രിക്കറ്ററിന്റെ ഓരോ നേട്ടത്തിനും പിന്നിൽ. എന്നാല്‍ മികച്ച ബാറ്റ്‌സ്മാനായിരുന്നിട്ടും വിധി രോഹന്റെ പിതാവ് സുശീലിന് എതിരായിരുന്നു. ഇന്ത്യന്‍ ടീമില്‍ അംഗമാവുക എന്ന സുശീലിന്റെ സ്വപ്‌നം കാര്‍ഷിക സര്‍വ്വകലാശാലാ ടീമിന് അപ്പുറം പോയില്ല.

വീട്ടിലെ വരാന്തയായിരുന്നു കുഞ്ഞു രോഹന്റെ ആദ്യ പരിശീലനക്കളരി. വരാന്തയുടെ ഒരു ഭാഗം നെറ്റ് കൊണ്ട് കെട്ടിയടച്ച് പിച്ചൊരുക്കിയ അച്ഛന്‍ സുശീല്‍ മകന് കഠിനമായ പരിശീലനം നല്‍കി. സുശീല്‍ സ്വയം ‘ബൗളിങ് മെഷീനാ’യി മാറിയാണ് മകന്‍ രോഹനെ പരിശീലിപ്പിച്ചത്. രാത്രി മുഴുവനുമാണ് പരിശീലനം. ഏകദേശം 350 ഓളം പന്തുകള്‍ വരെ ദിവസവും രോഹനു വേണ്ടി സുശീല്‍ എറിഞ്ഞു. ടെന്നീസ് ബോല്‍ ഉപയോഗിച്ചായിരുന്നു അന്നത്തെ പരിശീലനം.

പിന്നീട് തലശ്ശേരിയിലെ ക്രിക്കറ്റ് ക്യാമ്പിലായി പരിശീലനം. അത് കഴിഞ്ഞ് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിൽ. എല്ലായിടത്തും മിന്നുന്ന പ്രകടനം കാഴ്ച വച്ച രോഹനെ തേടി അവസരങ്ങള്‍ എത്തി. പടിപടിയായി ഉയര്‍ന്ന രോഹന്‍ ഒടുവില്‍ അണ്ടര്‍-19 ദേശീയ ടീമിലും രഞ്ജി ട്രോഫിയ്ക്കായുള്ള കേരള ടീമിലുമെല്ലാം ഇടം പിടിച്ചു. വിവധ ടൂര്‍ണ്ണമെന്റുകളിലായി രോഹന്റെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ക്ക് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായി.

നാളെ അങ്കത്തട്ടിൽ മികച്ച രണ്ടു ടീമുകൾ നേർക്ക് നേർ വരുമ്പോൾ കാത്തിരിക്കാം വെടിക്കെട്ടു പ്രകടനത്തിനായി.