ജനങ്ങളുടെ യാത്രദുരിതത്തിന് അന്ത്യമില്ല; നടേരി പാലം വാഗ്ദാനങ്ങളില്‍ മാത്രം
കൊയിലാണ്ടി: കൊയിലാണ്ടി – പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിനായി ജനങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. നിലവില്‍ യാതൊരു നിര്‍മ്മാണ ജോലിയും ആരംഭിക്കാതെ വാഗ്ദാനങ്ങളില്‍ മാത്രമായി നടേരി പാലം ഒതുങ്ങിയിരിക്കുകയാണ്. മുമ്പ് കടത്തു തോണിയുണ്ടായിരുന്ന പ്രധാന കടവുകളിലൊന്നായിരുന്നു നടേരി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി നീര്‍പ്പാലം വന്നതോടെ കടത്ത് തോണിയുടെ ആവശ്യക്കാര്‍ കുറയുകയായിരുന്നു. നിലവില്‍ നടേരിക്കാര്‍ പുഴയ്ക്കരെ നോക്കിയാല്‍ കാണുന്ന സ്ഥലത്തെന്നുന്നതിന് കീലോമീറ്ററുകളോളം താണ്ടേണ്ടി വരികയാണ്.
യൂ.ഡി.എഫ് ഭരണക്കാലത്ത് പാലം നിര്‍മ്മാണത്തിന് ചെറിയ രീതിയില്‍ തുടക്കം കുറിക്കുകയും അതിന്റെ ഭാഗമായി സ്ഥാന നിര്‍ണയവും മറ്റും നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിധത്തിലുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നില്ല.
പിന്നീട് ഭരണത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാര്‍ പാലം നിര്‍മ്മാണവുമായി മുമ്പോട്ട് വന്നിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ നടേരി പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. പിന്നാലെ നബാഡില്‍ നിന്നും പാലത്തിനായി ഫണ്ട് അനുവദിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും നടേരി പാലം യാഥാര്‍ത്ഥ്യമായിട്ടില്ല. എന്നാല്‍ പാലത്തിന്റെ ടെന്റര്‍ അടുത്ത മാസം വിളിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.