കോഴിക്കോട് ജില്ലയിലെ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ട് സീറ്റും നേടി എല്‍.ഡി.എഫ്, ഒരു സീറ്റ് യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തത്


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റും നേടി എല്‍.ഡി.എഫ്. ചെങ്ങോട്ടുകാവ് ചേലിയ, വേളം പഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാടിയിലെ കണലാട് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പുതുപ്പാടി അഞ്ചാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത എല്‍.ഡി.എഫ്, വേളം കുറിച്ചകം വാര്‍ഡ് നിലനിര്‍ത്തി. ചെങ്ങോട്ടുകാവ് സിറ്റിങ് സീറ്റ് യു.ഡി.എഫ് നിലനിര്‍ത്തി.

വേളം കുറിച്ചകം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി.എം.കുമാരന്‍ മാസ്റ്റര്‍ 126 വോട്ടിനാണ് വിജയിച്ചത്. എല്‍.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള വാര്‍ഡില്‍ എല്‍.ഡി.എഫ് അംഗം കെ.കെ.മനോജന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

പുതുപ്പാടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സി.പി.മ്മിലെ അജിത മനോജ് 154 വോട്ടിനാണ് വിജയിച്ചത്. പുതുപ്പാടി കണലാട് വാര്‍ഡില്‍ യു.ഡി.എഫ് വാര്‍ഡ് അംഗം സിന്ധു സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 95 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫ് ജയം.

ചെങ്ങോട്ടുകാവ് ചേലിയയില്‍ യു.ഡി.എഫ് വാര്‍ഡ് അംഗം മജീദിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ 112 വോട്ടിനാണ് കോണ്‍ഗ്രസിലെ അബ്ദുള്‍ ഷുക്കൂര്‍ ജയിച്ചത്. മണ്ഡലത്തില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫാണ് നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത്. എല്‍ഡിഎഫ് -9, യുഡിഎഫ്-6, ബിജെപി- 2 ആണ് കക്ഷി നില.