കുടിവെള്ളക്ഷാമം കാരണം ദുരിതത്തിലായ അന്‍പതോളം കുടുംബങ്ങള്‍ക്ക് ആശ്വാസം; ചെങ്ങോട്ടുകാവ് ചേലിയയില്‍ പൊതുകിണര്‍ നല്‍കി കുവൈറ്റ് കേരള മുസ്‌ലിം അസോസിയേഷന്‍


കൊയിലാണ്ടി: കുടിവെള്ളക്ഷാമം രൂക്ഷമായ കൊയിലാണ്ടി-ചെങ്ങോട്ട്കാവിലെ ചേലിയ പ്രദേശവാസികള്‍ക്ക് ആശ്വാസവുമായി കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍. ചേലിലയിലെ വലിയാറമ്പത്ത് മജീദ് സൗഹിബ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് പ്രദേശത്തെ അന്‍പതോളം വരുന്ന വീട്ടുകാര്‍ക്ക് കെ.കെ.എം.എ പൊതുകിണര്‍ നിര്‍മ്മിച്ചു നല്‍കിയത്. കെ.കെ.എം.എയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഇരുപത്തി മൂന്നാമത്തെ കിണറാണിത്.

അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ എ.പി അബ്ദുള്‍ സലാം കിണര്‍ നാടിന് സമര്‍പ്പിച്ചു. ഇതോടെ ഏറെ നാളായി കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ ചേലിയ പ്രദേശവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

വൈസ് പ്രസിഡന്റ് ആലിക്കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ചടങ്ങില്‍ സി.എച്ച് അബ്ദുള്ള, യു.എ.ബക്കര്‍, ഹനീഫ മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റസാക്ക് മേലടി സ്വാഗതവും, എം.സി. ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു. സലീം അറക്കല്‍, അബ്ദു കുറ്റിച്ചിറ, ബഷീര്‍ അമേത്ത്, കളത്തില്‍ മജീദ്, എം.കെ. അബ്ദുറഹിമാന്‍, ദേവി (സേവാദള്‍) എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.