മതസൗഹാർദ്ദം ഈ നാടിന്റെ പതിവ് കാഴ്ച; അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ നബിദിന റാലിയെ പായസം നൽകി സ്വീകരിച്ച് എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രം


അത്തോളി: നബിദിനറാലിയെ മധുരം നൽകി സ്വീകരിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിയെയാണ് എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്ര ഭാരവാഹികൾ പായസം വിതരണം ചെയ്ത് സ്വീകരിച്ചത്.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.കെ.ദയാനന്ദൻ ബദർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാഖവിയ്ക്ക് മധുരം നൽകിയാണ് സ്വീകരണം ഉദ്ഘാടനം ചെയ്തത്. നാടിന്റെ മതസാഹോദര്യം പുതിയ തലമുറയിലേക്ക് പകരാൻ ഇത്തരം സന്ദർഭം വിനിയോഗിക്കാൻ ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് കെ.കെ.ദയാദനന്ദൻ അഭ്യർത്ഥിച്ചു.

മത ചിന്തകൾക്കപ്പുറം എല്ലാവരും ഒന്നാണെന്ന ചിന്ത ഉണർത്താൻ നബിദിനത്തിൽ നൽകിയ സ്നേഹ സ്വീകരണത്തിലൂടെ സാധ്യമായെന്ന് ഖത്തീബ് മുഹമ്മദലി ബാഖവി അഭിപ്രായപ്പെട്ടു. പള്ളി കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ ഹാജി പാണക്കാട്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഇ.സജീവൻ, പള്ളി കമ്മിറ്റി സെക്രട്ടറി സലീം കോറോത്ത് എന്നിവർ പ്രസംഗിച്ചു.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ.പി.ഷിബു, കെ.പ്രഭാകരൻ, എ.ടി.മുരളി, കെ.സുർജിത്ത്, മാതൃസമിതി പ്രസിഡന്റ് കെ.ടി.നളിനി, സെക്രട്ടറി എം.എ.ഷീല, വി.ജാനു എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.