യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മൂരാട് പാലം നാളെയും തുറക്കും, വിശദ വിവരങ്ങളറിയാം


മൂരാട്: നാളെയും ചുറ്റി കറങ്ങി പോകേണ്ട, മൂരാട് പാലം യാത്രികര്‍ക്കായി തുറന്നു നല്‍കും. നാളെ വൈകിട്ട് ആറ് മണിവരെയാണ് പാലം തുറക്കുക.

ഇന്നലെയും മൂരാട് പാലം വൈകിട്ട് ആറുമണിവരെ തുറന്ന് നല്‍കിയിരുന്നു. പാലം അടച്ചിടുമ്പോള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച മണിയൂര്‍ വഴിയുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ശനിയാഴ്ച രാവിലെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചത്. ഇനിയുള്ള ദിവസങ്ങളിലും പകല്‍ തുറന്നിടാൻ സാധ്യതയുണ്ട്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂരാട് പുതിയ പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് പഴയ പാലം അടയ്ക്കാന്‍ തീരുമാനിച്ചത്. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. നവംബര്‍ 25 വരെയായിരുന്നു പാലം ഭാഗികമായി അടയ്ക്കാൻ നിർദ്ദേശിച്ചിരുന്നത്.

രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയും, വൈകീട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയും മൂരാട് പാലത്തിലൂടെ ഗതാഗതം അനുവദിച്ചിട്ടുണ്ട്. ബാക്കി സമയങ്ങളില്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നതിനു പിന്നാലെയാണ് ബദൽ റോഡും വഴി മുടക്കിയത്.