ഖത്തറിന്റെ പ്രത്യേക അതിഥിയായി മോഹന്‍ലാല്‍, അര്‍ഹതയുള്ളവര്‍ കപ്പുയര്‍ത്തട്ടെയെന്ന് മമ്മൂട്ടി; ലോകകപ്പ് കലാശപ്പോര് കാണാന്‍ മലയാളത്തിന്റെ താരരാജാക്കന്മാരും
ദോഹ: ഇന്ന് വൈകിട്ട് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് സാക്ഷിയാവാന്‍ മലയാളത്തിന്റെ താരരാജാക്കന്മാരും. മോഹന്‍ലാലും മമ്മൂട്ടിയും ഫൈനല്‍ മത്സരം കാണാന്‍ ഇന്നലെ തന്നെ ഖത്തറിലെത്തിയിട്ടുണ്ട്.
പ്രത്യേക ക്ഷണിതാക്കള്‍ക്കൊപ്പമാവും മമ്മൂട്ടി ഫൈനല്‍ മത്സരം കാണുക. റോയല്‍ ഹയ്യ വി.ഐ.ിപ. ബോക്‌സിലിരുന്നാണ് താരം കളി ആസ്വദിക്കുക. ഖത്തറിന്റെ പ്രത്യേക അതിഥിയായെത്തുന്ന മോഹന്‍ലാല്‍ ഇന്നലെ തന്നെ ദോഹയിലെത്തിയിട്ടുണ്ട്. മൊറോക്കോയില്‍ നിന്ന് നേരിട്ട് ഖത്തറിലെത്തിയ മോഹന്‍ലാലിനെ ഷേക്ക് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി സ്വീകരിച്ചു.
അതിനിടെ ഇന്നത്തെ ഫൈനല്‍ പോരാട്ടത്തിന് മാറ്റുരക്കുന്ന ഇരു ടീമുകള്‍ക്കും മമ്മൂട്ടി ആശംസകള്‍ അറിയിച്ചു. ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്‍ ആശംസകള്‍ അറിയിച്ചത്.
‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോള്‍, ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെ. ആശംസകള്‍’, മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഖത്തര്‍ ലോകകപ്പിന്റെ കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും. ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടരയ്ക്കാണ് മത്സരം.