”ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ഒമ്പതുമാസം പ്രായമായ കുട്ടി നിശ്ചലമായി കിടക്കുന്നു; പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ഇരുചക്രവാഹനത്തില്‍ കുഞ്ഞുമായി ആശുപത്രിയിലേക്ക് കുതിച്ചു” കണ്ണൂരില്‍ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച പൊലീസുകാരന് അഭിനന്ദന പ്രവാഹം


കണ്ണൂര്‍: പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലില്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിന് പുതുജീവന്‍. കണ്ണൂര്‍ മയ്യില്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ മുഹമ്മദ് ഫാസിലാണ് ഒമ്പത് മാസം മാത്രം പ്രായമായ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കേരള പോലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പാസ്പോര്‍ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്ക് പോയതായിരുന്നു മുഹമ്മദ് ഫാസില്‍. സമീപത്തെ വീട്ടില്‍ നിന്നും കൂട്ടക്കരച്ചിലും ബഹളവും കേട്ടത്. ശബ്ദം കേട്ട വീട്ടിലേക്ക് കുതിച്ചെത്തിയ ഫാസില്‍ ഒമ്പത് മാസം പ്രായമായ കുട്ടി നിശ്ചലമായി കിടക്കുന്നതും, ചുറ്റിലും നിന്നവര്‍ കുട്ടിയുടെ ജീവന്‍ നഷ്ടപെട്ടെന്ന് കരുതി നിലവിളിക്കുന്നതുമാണ് കണ്ടത്.

ഉടനെ ഫാസില്‍ കുഞ്ഞിനെ എടുത്ത് കൃത്രിമ ശ്വാസം നല്‍കി. അല്‍പസമയത്തെ പരിശ്രമത്തില്‍ തന്നെ കുഞ്ഞൊന്നു ഞെട്ടി. ചെറിയൊരു ഞെരക്കം കേട്ടപാടെ കുഞ്ഞിനെ തോളിലെടുത്ത് ഇരുചക്രവാഹനത്തില്‍ അയല്‍വാസിയുടെ സഹായത്തോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അധികസമയം തുടര്‍ച്ചയായി കരഞ്ഞതിനെ തുടര്‍ന്ന് ശ്വാസം നിലച്ചുപോയതാണഎന്ന് വീട്ടുകാരറിയിച്ച വിവരം ഡോക്ടറെ ധരിപ്പിക്കുകയും ഉടനടി ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുകയും ചെയ്തു. സാധാരണ നിലയിലെത്തിച്ച കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.

ഇതിനകം തന്നെ നിരവധിപ്പേര്‍ പോസ്റ്റ് കണ്ട് മുഹമ്മദ് ഫാസിലിന് അഭിനന്ദനം അറിയിച്ചു രംഗത്തെത്തി. പ്രഥമ ശുശ്രൂഷയയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ചിലര്‍ പറയുന്നത്.

സെപ്റ്റംബറില്‍ സര്‍വ്വീസില്‍ പ്രവേശിച്ച മുഹമ്മദ് ഫാസില്‍ ആറുമാസമായി മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ ജോലി നോക്കുന്നു. പട്ടാനൂര്‍ ചിത്രാരി സ്വദേശിയാണ്.