സര്‍വ്വീസ് ലിഫ്റ്റില്‍ തല കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം; അപകടം കൂടത്തായിയില്‍


Advertisement

ഓമശ്ശേരി: സര്‍വ്വീസ് ലിഫ്റ്റില്‍ തല കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായിയിലാണ് സംഭവം. ചക്കികാവ് പുറായില്‍ കാഞ്ഞിരാമ്പറമ്പില്‍ ദാസന്‍ ആണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസായിരുന്നു.

അയല്‍വാസിയുടെ വിവാഹ സല്‍ക്കാരത്തിനായി കൂടത്തായിയിലെ ഓഡിറ്റോറിയത്തില്‍ എത്തിയതായിരുന്നു ദാസന്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

Advertisement

സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ദാസന്‍ സര്‍വ്വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ തെന്നിവീഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ഇരുമ്പ് കമ്പിക്കും ചങ്ങലയ്ക്കിടയിലും തല കുടുങ്ങി. അപ്പോഴേക്ക് ലിഫ്റ്റ് ഉയരാന്‍ തുടങ്ങിയിരുന്നു. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്ന ലിഫ്റ്റ് ഉടന്‍തന്നെ താഴെയിറക്കി.

Advertisement

ഗുരുതരമായി പരിക്കേറ്റ ദാസനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

ഓഡിറ്റോറിയത്തിലെ സദ്യക്കാവശ്യമായ വിഭവങ്ങള്‍ മുകളിലെത്തിക്കാന്‍ ഉപയോഗിക്കുന്ന സര്‍വീസ് ലിഫ്റ്റിന് മറ്റ് ലിഫ്റ്റുകളുടെ സുരക്ഷാസൗകര്യങ്ങളില്ല. സംഭവത്തില്‍ കോടഞ്ചേരി പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

പരേതരായ കാഞ്ഞിരാപറമ്പില്‍ ശങ്കരന്റെയും ദേവകിയുടെയും മകനാണ് ദാസന്‍. ഭാര്യ അജിത. ആദില്‍ഷ, ആജിന്‍ഷ എന്നിവര്‍ മക്കളാണ്. മരുമകന്‍ സുജീഷ് മറിവീട്ടില്‍താഴം. സഹോദരങ്ങള്‍: ലീല, രാധ, രാജന്‍, രാജേഷ്.