ട്രെയിനില്‍ വീണ്ടും തീക്കളി; വടകരയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ കൊളുത്താനുള്ള ശ്രമം യാത്രക്കാര്‍ പരാജയപ്പെടുത്തി, ഒരാള്‍ പിടിയില്‍


വടകര: ട്രെയിനില്‍ തീ കൊളുത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. വടകരയിലാണ് സംഭവം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിന്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 02:20 ഓടെയാണ് ട്രെയിന്‍ വടകരയിലെത്തിയത്. ഈ സമയം കോച്ചിനുള്ളിലെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പൊളിച്ചെടുത്താണ് യുവാവ് തീ കൊളുത്താന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ഇടപെടുകയും ഇയാളെ പിടികൂടി കോഴിക്കോട് വച്ച് ആര്‍.പി.എഫിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനാണ് ട്രെയിനിന് തീ കൊളുത്താന്‍ ശ്രമിച്ചത് എന്നാണ് വിവരം. ഇയാള്‍ മാനസികമായി വെല്ലുവിളി നേരിടുന്ന ആളാണ് എന്ന സംശയമുണ്ടെന്നാണ് വിവരം.

നേരത്തേ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എലത്തൂരിലെത്തിയപ്പോഴായിരുന്നു സംഭവം. ഈ കേസിലെ പ്രതിയായ ഡൽഹി സ്വദേശി ഷാരൂഖ് സെയ്ഫി ഇപ്പോൾ കസ്റ്റഡിയിലാണ്.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന് ഒരാൾ തീ കൊളുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഈ സംഭവമുണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ  പരിശോധിച്ച് ഉടൻ തന്നെ ഈ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.