തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുപ്പി പെട്രോളുമായി യുവാവ് അറസ്റ്റില്‍


തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുപ്പി പെട്രോളുമായി യുവാവ് പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് കന്യാകുമാരിക്ക് പോകുകയായിരുന്ന ഐലന്റ് എക്‌സ്പ്രസില്‍ വന്നിറങ്ങിയ യുവാവിനെയാണ് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്.കോട്ടയം സ്വദേശി സേവിയര്‍ ഗീവര്‍ഗീസ് ആണ് പിടിയിലായത്.

ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വന്നതാണ് സേവിയര്‍. ട്രെയിനില്‍ അദ്ദേഹത്തിന്റെ വാഹനം പാര്‍സലായി കയറ്റി വിട്ടിരുന്നു. ആ വാഹനത്തില്‍ ഉണ്ടായിരുന്ന പെട്രോളാണ് കുപ്പിയില്‍ ഉണ്ടായിരുന്നത് എന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. വാഹനങ്ങള്‍ പാര്‍സല്‍ അയക്കുമ്പോള്‍ ഇന്ധന ടാങ്കുകളില്‍ ഇന്ധനം ഉണ്ടാകാന്‍ പാടില്ല എന്നാണ് നിയമം. അതുകൊണ്ടാണ് താന്‍ പെട്രോള്‍ കുപ്പിയിലാക്കി കയ്യില്‍ കരുതിയത് എന്ന് യുവാവ് പറഞ്ഞു. രണ്ടര ലിറ്റര്‍ പെട്രോളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം നടന്നതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ കോരപ്പുഴ പാലത്തിന് സമീപമായിരുന്നു സംഭവം. തീ പടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടിയ കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു. തീ പിടിത്തത്തില്‍ ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമിയുടെത് എന്ന് കരുതപ്പെടുന്ന ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഷാരൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്നാണ് അനുമാനം. ഇയാള്‍ നോയിഡ സ്വദേശിയാണ് എന്നാണ് സംശയിക്കുന്നത്.

പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. പല സംഘങ്ങളായാണ് പൊലീസ് പ്രതിയെ തിരയുന്നത് എന്ന് കമ്മീഷണര്‍ രാജ്കുമാര്‍ മീണ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഡല്‍ഹി പൊലീസുമായി ആശയവിനിമയം നടത്തി.

 

ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍നിന്നുള്ള സിം കാര്‍ഡ് ഫോണില്‍ മുമ്പ് ഉപയോഗിച്ചെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഫാറൂഖ്, എഫ്.സി.8, അബ്ദുള്‍ ഫസല്‍ എന്‍ക്ലേവ്, ജാമിയാനഗര്‍, സൗത്ത് ഡല്‍ഹി എന്ന മേല്‍വിലാസത്തിലാണ് 7289865663 എന്ന നമ്പറിലുള്ള സിം കാര്‍ഡ് എടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.